‘400-ല്‍ അധികം സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല’; അവകാശവാദത്തില്‍ നിന്ന് പിന്മാറി നരേന്ദ്ര മോദി

Jaihind Webdesk
Friday, May 17, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും മോദി വിശദീകരിച്ചു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

400-ൽ അധികം ലോക്‌സഭാ സീറ്റുകൾ എന്ന ബിജെപിയുടെ പ്രധാന മുദ്രാവാക്യത്തിന്‍റെ ഉത്ഭവം വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ. ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ മുമ്പും അവകാശപ്പെട്ടിട്ടില്ല. ഇത്തവണയും അത്തരമൊരു അവകാശവാദം തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 400-ൽ അധികം സീറ്റ് എന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണ്. താനും പാർട്ടിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ അവരുടെ കാഴ്ചപ്പാടുകളിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. മോദി അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ 400-ൽ അധികം സീറ്റുകൾ നേടും എന്ന മുദ്രാവാക്യമായിരുന്നു മോദി പ്രധാനമായും ഉയർത്തിയത്. 400 സീറ്റിൽ അധികം നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യംചെയ്തും വിമർശിച്ചും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബിജെപിയും മോദിയും 400 സീറ്റ് നേടുമെന്ന അവകാശവാദത്തിൽ നിന്ന് പിന്നോട്ടുപോയതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് ബലം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.