കശ്മീർ വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

Jaihind News Bureau
Tuesday, July 23, 2019

കശ്മീർ വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കശ്മീർ വിഷയത്തിൽ വിദേശ ഇടപെടൽ തേടി രാജ്യത്തെ മോദി വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ഒരു ഘട്ടത്തിലും മൂന്നാമതൊരു രാജ്യത്തിന്‍റെ മധ്യസ്ഥത തേടിയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

നേരത്തെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടിയിരുന്നു. ഇതേത്തുടര്‍ന്ന്, കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്നും വിഷയം നരേന്ദ്ര മോദി തന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതാണെന്നും ആ സ്ഥിതിക്ക് വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു.

എന്നാല്‍ ഇത്തരം ഒരു ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കുന്നത്.