ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ വക ആഢംബര വാഹനം; ടോം ജോസ് ഉപയോഗിക്കുന്നത് പൊലീസിന്‍റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമെന്ന് ആക്ഷേപം

Jaihind News Bureau
Friday, February 14, 2020

ചീഫ് സെക്രട്ടറി ടോം ജോസിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വക ആഢംബര വാഹനം. ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിച്ചത് പോലീസ് ഫണ്ട് ഉപയോഗിച്ച്. രേഖകളിൽ വണ്ടിയുടെ ഉടമസ്ഥൻ പോലീസ് മേധാവി. ഇരുവർക്കും ഒരേ മോഡൽ വാഹനമാണ് വാങ്ങിയത്. ജീപ്പ് കോമ്പസ് എന്ന വാഹനമാണ് ഇരുവരും ഉപയോഗിക്കുന്നത്.

ഡിജിപി ലോക്നാഥ് ബഹ്റയുടെ പേരിൽ റജിസ്റ്റർ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെഎൽ 01 സിഎൽ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് റജിസ്റ്റർ ചെയ്തത്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനമാണെന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും ഏതു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നൽകിയതെന്നു വിശദീകരിക്കാൻ അവർ തയാറായിട്ടില്ല. ചീഫ് സെക്രട്ടറിമാർ സാധാരണ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പിന്‍റെ വാഹനമാണ്.

അതേസമയം, സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്‍റെ വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളിൽ കുറവുണ്ടായാൽ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവർ പറയുന്നു.