തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു… കള്ളന്‍ കപ്പലില്‍ തന്നെ… സിഎജി റിപ്പോർട്ടും ചില യാഥാർത്ഥ്യങ്ങളും..

Jaihind News Bureau
Wednesday, February 12, 2020

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു… 12,146 ഉണ്ടകളും 25 റൈഫിളുകളും എങ്ങനെ പൊലീസില്‍ നിന്നും നഷ്ടമായി. നിയമസഭയില്‍ സമർപ്പിച്ച സിഎജി റിപ്പോർട്ട് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

പൊലീസ് ഡിപാർട്മെന്‍റില്‍ നിന്നും 12.146 25 റൈഫിളുകളും കാണാതായി എന്ന് ആരോപിച്ചത് മറ്റാരുമല്ല സംസ്ഥാനത്തെ കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറല്‍ ആണ്. മാത്രവുമല്ല, കാണാതായ ചില ഉണ്ടകള്‍ക്ക് പകരം ഡമ്മി ഉണ്ടകള്‍ സ്ഥാനം പിടിച്ചു എന്നും സിഎജി റിപ്പോർട്ടില്‍ എടുത്തു പറയുന്നു. ഇതാണ് ഏറ്റവും ഗുരുതരമായത്. ആരാണ് പൊലീസിനുള്ളില്‍ നിന്നും ഉണ്ട മോഷ്ടിച്ച് പകരം ഡമ്മി ഉണ്ടകള്‍ സ്ഥാപിച്ചത്. ഒരു കാര്യം ഉറപ്പാണ്. കള്ളന്‍ കപ്പലില്‍ തന്നെ.

എങ്ങിനെയാണ് പൊലീസിന്‍റെ റൈഫിളുകളും ഉണ്ടകളും നഷ്ടപ്പെട്ടത്. ആരാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍…? സിഎജിയുടെ കണ്ടെത്തലിന് ആരാണ് വിശദീകരണം നല്‍കേണ്ടത്. വിശദീകരണം നല്‍കേണ്ട ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ ബെഹ്റയുമായുള്ള അന്തർധാരയ്ക്ക് അനുസൃതമായ മറുപടിയായിരുന്നു പി.ടി. തോമസിന്‍റെ ചോദ്യത്തിന് നിയമസഭയില്‍ പറഞ്ഞത്. സിഎജി റിപ്പോർട്ട് ഏത് രീതിയില്‍ കൈകാര്യം ചെയ്യണമോ ആ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. ഒപ്പം ബെഹ്റയെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല.

വിഐപികള്‍ക്കുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതിലും ചട്ടവിരുദ്ധമായ നടപടിയാണ് ഡിജിപി സ്വീകരിച്ചതെന്ന് സിഎജി കുറ്റപ്പെടുത്തുന്നു. പല ഇടപാടുകളിലും കെല്‍ട്രോണ്‍ വഴി മുന്‍കൂട്ടി തീരുമാനിച്ച അവിശുദ്ധമായ കൂട്ടുകെട്ടാണെന്നും സിഎജി കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഗുരുതരമായ സമാനതകളില്ലാത്ത ആരോപണമാണ് കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറല്‍ ഉന്നയിച്ചിട്ടുള്ളത്. ആയുധങ്ങള്‍ കാണാതായത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിക്കുന്നു. സിഎജിയുടെ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും വരുംദിനങ്ങളില്‍ വന്‍ വിവാദത്തിന് വഴി മരുന്നിടുന്നതാണ്.