ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍. യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പ ഇനി ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. സമാധാനം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാര്‍പ്പാപ്പ ലിയോ പതിനാലാമന്‍ അറിയിച്ചത്.
രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കന്‍ പോപ്പായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന് ശേഷമാണിപ്പോള്‍ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ മേധാവിയായി, ലോകത്തെ 1.4 ബില്യന്‍ റോമന്‍ കത്തോലിക്കരുടെയും മേധാവിയായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്.
ചിക്കാഗോയില്‍ 1955 സെപ്റ്റംബര്‍ 14 -നാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ജനിച്ചത്. 1985 മുതല്‍ 1986 വരെയും 1988 മുതല്‍ 1998 വരെയും പെറുവില്‍ ഇടവക പാസ്റ്ററായിരുന്നു. രൂപതാ ഉദ്യോഗസ്ഥന്‍, സെമിനാരി അധ്യാപകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023 -ലാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചത്. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്‌സ് പ്രിഫെക്റ്റായും ലാറ്റിന്‍ അമേരിക്കയിലെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പെറുവിലെ ചിക്ലായോ ബിഷപ്പായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2001 മുതല്‍ 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ ജനറലായും സേവനമനുഷ്ഠിച്ചു. 2023 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രിവോസ്റ്റിനെ ബിഷപ്പുമാര്‍ക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റായി നിയമിച്ചിരുന്നു.