ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; മദ്യപിച്ച് ഉണ്ടാക്കിയ അപകടമെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി; കസ്റ്റഡി അപേക്ഷയും തള്ളി

Jaihind Webdesk
Tuesday, August 6, 2019

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാമിന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്.

മദ്യപിച്ചു എന്നതിന് പൂർണ്ണ തെളിവില്ലെന്നും മദ്യപിച്ച് ഉണ്ടാക്കിയ അപകടമെന്ന് പൂർണ്ണമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീരാമിന് നട്ടെല്ലിനും തലയ്ക്കും പരുക്കുണ്ടെന്നും ആയിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീറാമിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ സഞ്ചരിച്ച ബൈക്കില്‍ ശ്രീറാം വെങ്കട്ടരാമൻ സഞ്ചരിച്ച വാഹനമിടിക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ കാർ റോഡിന്‍റെ വശത്ത് നിര്‍ത്തിയിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.