‘സുപ്രീം കോടതി പറഞ്ഞിട്ടും ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമനിര്‍മാണം നടത്താന്‍ മോദി സര്‍ക്കാര്‍ തയാറാകാത്തതെന്ത്?’ : അസദുദ്ദീന്‍ ഉവൈസി

Jaihind Webdesk
Sunday, July 7, 2019

Asaduddin-Owaisi

സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്താത്തതിനെതിരെ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി എം.പിയും എ.ഐ.എം.ഐ.എം പ്രസിഡന്‍റുമായ അസദുദ്ദീന്‍ ഒവൈസി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇത്തരത്തില്‍ ഗുരുതരമായ അവസ്ഥയിലെത്താന്‍ കാരണം സംഘപരിവാര്‍ ശക്തികളുടെ വിദ്വേഷപ്രചരണമാണെന്നും ഒവൈസി കുറ്റപ്പെടുത്തി. നിയമനിർമാണം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇക്കാര്യത്തില്‍ തുടരുന്ന മൌനം തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

മുസ്ലീങ്ങള്‍ക്കെതിരെ ബോധപൂര്‍വം വിദ്വേഷം പടര്‍ത്തുകയാണെന്ന് ആരോപിച്ച ഒവൈസി രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഇരകളായത് മുസ്ലീങ്ങളാണെന്നും ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനായി നിയമനിര്‍മാണം നടത്തണമെന്നും ആള്‍ക്കൂട്ട ആക്രമികളെ ഭീകരവാദികളെന്ന് മുദ്രകുത്തണമെന്നും ഉവൈസി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും മോദി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിന്ന് പിന്മാറുന്നത്? കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അമ്പതിലധികം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നു. ഇതിന് ഇരയായവരിലേറെയും മുസ്‌ലീങ്ങളാണ്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മാത്രം എട്ടുപേരാണ് കൊല്ലപ്പെട്ടത്. അന്‍സാരിയെ കൊലപ്പെടുത്തിയവരെ ഭീകരവാദികളെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. ഐ.എസ് ഭീകരരും ഇവരും തമ്മിലെന്താണ് വ്യത്യാസം? – ഉവൈസി ചോദിച്ചു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ് മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.