ആൾക്കൂട്ട ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു; മരിച്ചത് അണ്ടൂർ സ്വദേശി അനിൽ കുമാർ

Jaihind News Bureau
Monday, December 16, 2019

Mob Lynch

കൊല്ലം കൊട്ടാരക്കര വാളകം അണ്ടൂരിൽ സദാചാര ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വാളകം അണ്ടൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയിലാണ് അനിൽകുമാറിനെ സദാചാര ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചത് . കൊല്ലം വാളകത്തെ അണ്ടൂർ വടക്കേക്കര കോളനിയിൽ വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അനിൽകുമാറിനെ വാളകം പോലീസിന്‍റെ  സഹായത്താൽ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കേ ഇന്നു പുലർച്ചെ അനിൽ കുമാർ മരിച്ചു.

അനിൽകുമാറിന്‍റെ  മരണത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപെട്ട് ബെന്നി, വിനോദ്, സദാശിവൻ എന്നിവരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും  മുഴുവൻ പ്രതികളും  ഉടൻ വലയിൽ ആകുമെന്നും കൊട്ടാരക്കര സി ഐ  അറിയിച്ചു. മരിച്ച അനിൽ കുമാർ ജീപ്പ് ഡ്രൈവറായിരുന്നു.