പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി ; ലോക്സഭയെ ചൂടുപിടിപ്പിച്ച് പൗരത്വ നിയമഭേദഗതി ബില്‍

Jaihind News Bureau
Monday, December 9, 2019

ലോക്സഭയെ ചൂടുപിടിപ്പിച്ച് ദേശീയ പൗരത്വ നിയമഭേദഗതി ബില്‍.  മുസ്‌ലീങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കാനുള്ള ബില്ലിൽ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ അരങ്ങേറുന്നത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ തരംതിരിക്കുന്ന ബിൽ കോടതിയിൽ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ 82 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. ബില്ലിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും മുസ്‌ലീം ലീഗും ഡി.എം.കെ.യും എൻ.സി.പിയും ബി.എസ്‍.പിയും വോട്ട് ചെയ്തു. ടി.ഡി.പി.യും ബിജു ജനതാദളും ശിവസേനയും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു.

ബില്ലില്‍ പ്രതിപക്ഷവും അമിത് ഷായുമായി രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടന്നത്. ന്യൂനപക്ഷങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് ഇത്തരമൊരു നിയമനിർമാണം നടത്തുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സഭയില്‍ പറഞ്ഞു. 1935 ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദുമഹാസഭാ സമ്മേളനത്തിൽ രാജ്യത്തെ രണ്ടായി വിഭജിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് ഹിന്ദു മഹാസഭയാണെന്നത് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ചൂണ്ടിക്കാട്ടി.

തുടർന്ന് നടന്ന ചർച്ചയില്‍ പൗരത്വബില്ലിന്‍റെ പകർപ്പ് ലോക്സഭയിൽ എ.ഐ.എം.ഐ.എം പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി കീറിയെറിഞ്ഞു. പൗരത്വബില്ല് രണ്ടാം വിഭജനമാണെന്ന് ബില്ല് കീറിയെറിഞ്ഞുകൊണ്ട് ഒവൈസി ആരോപിച്ചു. ‘ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ റജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി ‘മഹാത്മാ’ എന്ന പദവിയിലേക്കെത്തിയത്’ – തുടർന്ന് ഒവൈസി ബില്‍ വലിച്ചുകീറി.

മുസ്‌ലീങ്ങളെ ഭരണപക്ഷത്തിന് എന്താണ് വെറുപ്പെന്നും ഒവൈസി ചോദിച്ചു. ബംഗാളി ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നവര്‍ മുസ്‌ലീങ്ങളെ മാത്രമാണ് വേർതിരിക്കാന്‍ ശ്രമിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി. ചൈനയില്‍ നിന്നുള്ള അഭയാർത്ഥികളെ സർക്കാർ ബില്ലില്‍ ഉള്‍പ്പെടുത്താത്തത് ചൈനയെ പേടിച്ചിട്ടാണോയെന്നും ഒവൈസി പരിഹസിച്ചു. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മുസ്‌ലീങ്ങള്‍ക്ക് നാടില്ലാതാക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും ഒവൈസി ആരോപിച്ചു. ലോക്സഭയില്‍ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്.