പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ ; പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമാകും

Jaihind News Bureau
Wednesday, December 11, 2019

ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് തന്നെ ബിൽ പാസാക്കാനാണ് ബി.ജെ.പി നീക്കം.
അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്‌ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന ബിൽ ജനാധിപത്യ സിദ്ധാന്തങ്ങൾക്ക് എതിരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ലോക്സഭയിലേതുപോലെ ബില്‍ പാസാക്കുക രാജ്യസഭയില്‍ ബി.ജെ.പിക്ക് അത്ര എളുപ്പമാവില്ല. ബില്ലിന്മേല്‍ ശക്തമായ പ്രതിപക്ഷപ്രതിഷേധം രാജ്യസഭയില്‍ ഉണ്ടാകും. അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലീം ഇതര വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ ജനാധിപത്യ സിദ്ധാന്തങ്ങള്‍ക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബില്ലില്‍ ഭേദഗതികള്‍ വരുത്തുകയോ ബില്‍ സെസക്ട് കമ്മിറ്റിക്ക് വിടുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. 240 അംഗ രാജ്യസഭയില്‍ നിലവില്‍ എന്‍.ഡി.എയ്ക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷ ചേരിയിലെ അംഗബലം 134 ആണ്. എങ്കില്‍ പോലും പ്രതിപക്ഷ ചേരിയില്‍ ബില്ലിനെ അനുകൂലിച്ച് ആരെങ്കിലും വോട്ട് ചെയ്യുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ ബില്‍ പാസാകും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ബില്‍ രാജ്യസഭയില്‍ പാസാകുന്ന പക്ഷം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല പ്രതിപക്ഷ പാർട്ടികളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിന്മേലുള്ള ചർച്ചയില്‍ രാജ്യസഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത.