അമാന അഷറഫിനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വീട്ടിലെത്തി അനുമോദിച്ചു

Jaihind News Bureau
Sunday, December 8, 2019

കടൽ കടന്നെത്തിയ അംഗീകാരമാണ് ന്യൂസിലാന്‍റ് പ്രധാന മന്ത്രി ജെസീന്ത ആർഡന്‍റെ കത്തിലൂടെ അമാനക്ക് ലഭിച്ചതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അമാനയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. പുതുതലമുറക്ക് പ്രചോദനമാവുന്ന കർമ്മമാണ് അമാനയുടെ സന്ദർഭത്തിനനുസരിച്ചുള്ള കത്തെഴുത്തിലൂടെ സംഭവിച്ചത്.

ജീവിതത്തിൽ എല്ലാവർക്കും ഓരോ കഴിവുകളുണ്ട്, അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ ലോക ശ്രദ്ധപിടിച്ചുപറ്റും.  കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു ഓൾ കേരള പ്രബന്ധ മൽസരത്തിൽ പങ്കെടുത്ത് വിജയി ആയതോടെയാണ് വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തകനായിരുന്ന തനിക്ക് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനാവാൻ പറ്റിയതെന്നും തുടർന്ന് ഉന്നതസ്ഥാനങ്ങളിലേക്ക് വഴിതുറന്നതെന്നും ടേണിംഗ് പോയന്‍റായി മാറിയതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുഭവങ്ങൾ പങ്കുവച്ചു. അന്ന് അമ്മയാണ് എറണാകുളത്ത് നടന്ന മൽസരത്തിൽ പങ്കെടുക്കുവാൻ നിർബന്ധിച്ച് അയച്ചതെന്നും സ്പീക്കർ ഓർത്തെടുത്തു.

കേരളത്തെകുറിച്ച് അഭിമാനകരമായി പരിചയപ്പെടുത്തിയതിലൂടെ നമ്മുടെ നാടിന്‍റെ സംസ്ക്കാരവും, ടൂറിസവും ന്യൂസിലാന്‍റ് പോലെയുള്ള സമ്പന്ന രാജ്യത്തിന്‍റെ ശ്രദ്ധയിലേക്കാണ് അമാന എത്തിച്ചിരിക്കുന്നത്. കേരളത്തെ ഇഷ്ടപ്പെടുന്ന, കേരളം കാണുവാൻ ആഗ്രഹിക്കുന്ന ന്യൂസിലാന്‍റ് പ്രധാനമന്ത്രിയെ കേരളത്തിലേക്ക് ഔദ്യോദികമായി ക്ഷണിക്കുവാൻ മുൻകൈ എടുക്കുമെന്നും സ്പീക്കർ പറഞ്ഞു. അമാനയെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഷാൾ അണിയിച്ചു ആദരിച്ചു.

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന് അയച്ച കത്തിന് മറുപടി ലഭിച്ചതോടെയാണ് പൊന്നാനിക്കാരി അമാന അഷ്റഫ് എന്ന പത്താം ക്ലാസുകാരി കൊച്ചുമിടുക്കി നാട്ടിലെ താരമായത്. ന്യൂസിലന്‍റിലെ ക്രൈസ്റ്റ്ചർച്ച് വെടിവെപ്പിന് സ്നേഹം കൊണ്ട് മറുപടി നൽകിയ പ്രധാനമന്ത്രി ജസീന്ത ആർഡണിന്‍റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാവും മലപ്പുറം പൊന്നാനിയിലെ പതിനാലു വയസുകാരിയായ അമാന അഷ്റഫ്.

ക്രൈസ്റ്റ്‌ചർച്ച് മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള സങ്കടവും അതിജീവനത്തിന്‍റെ സന്തോഷവും മകളുടെ വിശേഷങ്ങളും വിവരിക്കുന്ന കത്ത് അമൂല്യനിധിയായി സൂക്ഷിക്കുകയാണ് അമാന. സ്ത്രീയായതിന്‍റെ പേരിൽ ഒരു പരിമിതികളും തന്നെ തളർത്തില്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആളാണ് ജസീന്ത ആർഡൻ. അതു തന്നെയാണ് അമാനയെ ആകർഷിച്ചതും. തുടര്‍ന്ന് ജസിന്തയെ കൂടുതൽ അടുത്തറിയാനുള്ള ശ്രമമായി. ഇന്‍റര്‍നെറ്റിലൂടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ച അമാന തന്‍റെ ആരാധ്യ നേതാവിന് പിറന്നാള്‍ ആശംസിച്ച് ന്യൂസിലൻഡിലേക്ക് കത്തയക്കാൻ തീരുമാനിച്ചു. പിന്നെ വൈകിയില്ല, ജന്മദിനമായ ജൂലൈ 26ന് ആറു ദിവസം മുൻപ് കത്തെഴുതി. പ്രധാനമന്ത്രിയ്ക്ക് 39 ആം പിറന്നാള്‍ ആശംസയും അതോടൊപ്പം മനസ്സറിഞ്ഞ അഭിനന്ദനവും എല്ലാം ചേര്‍ത്ത് കത്തിലൂടെ അമാന മനസ്സ് തുറന്നു. പ്രധാന വിഷയം ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണം തന്നെ.

ഇഷ്ടത്തിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും കൂടുതല്‍ അറിയുവാനായി വായിച്ചതെല്ലാം നല്ല വാർത്തകളായിരുന്നുവെന്നും ജസീന്തയ്ക്കുള്ള കത്തില്‍ അമാന കുറിച്ചു. കൈക്കുഞ്ഞുമായി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതും തട്ടമിട്ട് ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലീങ്ങൾക്കിടയിൽ അവരില്‍ ഒരാളായി എത്തി, അവരുടെ പ്രാർഥനകളിൽ പങ്കെടുത്തതും വെറുപ്പിനെ തോൽപിച്ചുകളഞ്ഞ നിലപാടുകളും എല്ലാം അമാന ഓര്‍ത്തെടുത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചേർത്തു പിടിച്ച്, ‘നിങ്ങൾ ഞങ്ങൾ തന്നെയാണെന്നു’ പറഞ്ഞ മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്ന് പറയുന്ന അമാന ജസീന്ത ആര്‍ഡനെഴുതി : ‘ലോകാവസാനം വരെ ജനങ്ങൾ പറയും, വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞ പ്രധാനമന്ത്രിയാണ് നിങ്ങൾ’ എന്ന്. പ്രധാനമന്ത്രിയെ കേരളത്തിലേയ്ക്ക് ക്ഷണിക്കാനും അമാന മറന്നില്ല. ഒരു കത്തയയ്ക്കുമ്പോള്‍ മറുപടി ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തീരെ പ്രതീക്ഷിക്കാതെ മസ്ജിദുകളുടെ നാടായ പൊന്നാനിയിലേക്ക് ന്യൂസിലൻഡിൽ നിന്നും മറുപടി എത്തി.

കേരളത്തെക്കുറിച്ച് കത്തിൽ ഏറെ പരാമർശിച്ച അമാനയെ ഏറ്റവും സന്തോഷിപ്പിച്ചത് ‘കേരളം മനോഹരമാണെന്നു കേട്ടിട്ടുണ്ട്. ഒരു ദിവസം നേരിട്ടു കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ’ എന്നു കുറിച്ചതിലാണ്. വളർന്നുവരുന്ന തന്‍റെ പിഞ്ചോമനയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചതും അമാനയെ ഏറെ സന്തോഷിപ്പിക്കുന്നു. ഒന്നരവയസ്സുകാരി മകൾ നീവേയെക്കുറിച്ചുള്ള അമാനയുടെ സ്നേഹാന്വേഷണത്തിനുള്ള മറുപടിയായി മകള്‍ക്ക് സുഖമാണെന്നും അതിവേഗം വളരുന്ന അവള്‍ സംസാരിച്ചു തുടങ്ങിയെന്നും അത് കേള്‍ക്കാന്‍ രസമാണെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും അവള്‍ ഹായ് പറയുന്നുണ്ടെന്നും ആ അമ്മ മനസ്സില്‍ നിന്നുള്ള വരികളും കത്തിലുണ്ട്.

“ന്യൂസീലൻഡിന് കുറച്ചു മാസങ്ങൾ ഏറെ പ്രയാസമേറിയതായിരുന്നു, പ്രത്യേകിച്ചും ‍മുസ്‌ലിം സമുദായത്തിന്. പക്ഷേ, അമാനയെപ്പോലുള്ളവരുടെ കത്തുകൾ ഒരു പാട് സഹായിച്ചു. ഒപ്പം നിൽക്കാനും, വെറുപ്പിനും വിഭജനത്തിനും പകരം സ്നേഹവും ഐക്യദാർഢ്യവും പകർന്നുനൽകാനും സന്നദ്ധരായ സുഹൃത്തുക്കൾ ലോകമെമ്പാടുമുണ്ടെന്ന അറിവ് കരുത്ത് നൽകി” – ഭീകരാക്രമണത്തെക്കുറിച്ചുള്ള എല്ലാ ഉത്കണ്ഠകളും അതിജീവനത്തിന്റെ സന്തോഷവും കത്ത് പങ്കുവയ്ക്കുന്നു.

ടൈപ്പ് ചെയ്ത കത്തിൽ ‘എഴുതിയതിന് ഒരിക്കൽകൂടി നന്ദി’ എന്ന് സ്വന്തം കൈപ്പടയിൽ എഴുതുക കൂടി ചെയ്തു ജസീന്ത.

പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അമാന.