ആലപ്പുഴ: വള്ളിക്കുന്നത്ത് വീട്ടമ്മയെ ബലാത്സം​ഗം ചെയ്ത കേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും ന​ഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് ഡി.വൈ.എഫ്.ഐ നേതാവും കറ്റാനം മേഖലാ കമ്മിറ്റി അംഗവുമായ സുനീഷ് സിദ്ദിഖിനെയാണ് വള്ളിക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

പാർട്ടി കുടുംബത്തിലുള്ള സ്ത്രീയെയാണ് സുനീഷ് നിരന്തരമായി പീഡിപ്പിച്ചത്. വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ന​ഗ്നചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുത്തതായും വീട്ടമ്മ പരാതിയില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രതി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് പുറത്തായതോടെ യുവതിയും ഭർത്താവും വളളിക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവജന നേതാവിനെതിരെ പരാതി നൽകിയത് അറിഞ്ഞ് സി.പി.എം ഉന്നത നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി ത്തീർക്കാൻ ശ്രമിച്ചെങ്കിലും യുവതിയും വീട്ടുകാരും വഴങ്ങിയില്ല. ഇതേത്തുടർന്നാണ് സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ ഇതിന് മുമ്പും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും പാർട്ടി ഇടപെട്ട് അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നു. ഉന്നത സി.പി.എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനീഷിനെ പല കേസുകളിൽ നിന്നും ഭരണസ്വാധീനം ഉപയോഗിച്ച് പാർട്ടി നേതൃത്വം രക്ഷപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ സി.പി.എം നേതൃത്വം പ്രതികരിച്ചിട്ടില്ല. കറ്റാനം, മങ്ങാരം മേഖലകളിൽ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.