മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതിയെ കുത്തി കൊലപ്പെടുത്തി; പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധു അറസ്റ്റില്‍

Jaihind News Bureau
Thursday, January 16, 2020

മലപ്പുറം പയ്യനാട് പോക്സോ കേസ് പ്രതിയെ കുത്തി കൊലപ്പെടുത്തി. അറുപതുകാരനായ പള്ളിക്കണ്ടി സെയ്തലവിയാണ് കൊല്ലപ്പെട്ടത്.  പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2016-ൽ അറസ്റ്റിലായ പയ്യനാട് പള്ളിക്കണ്ടി സെയ്തലവിയാണ് കുത്തേറ്റ് മരിച്ചത്. കേസിന്‍റെ വിചാരണ പുരോഗമിക്കുമ്പോളാണ് സംഭവം.

പീഡനത്തിനിരയായ  പെൺകുട്ടിയുടെ അമ്മാവനാണ് കൊലക്കേസിലെ പ്രതി. വീടിനടുത്തുള്ള കവുങ്ങിൻതോട്ടത്തിൽ വച്ച് സെയ്തലവിയെ കത്തികൊണ്ട് പലതവണ കുത്തുകയായിയിരുന്നു. രാവിലെ മുതൽ സെയ്തലവിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പതിനൊന്നരയോടെ മൃതദേഹം കണ്ടത്. കൊലപാതകത്തിന് ശേഷം മുപ്പത്തഞ്ചുകാരനായ പ്രതി പൊലീസിൽ കീഴടങ്ങി. സഹോദരിയുടെ മകളെ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സെയ്തലവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുത്തി.