
തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് ആല്‍ജോ മരിച്ച വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഭീതിയിലായ നാട്ടുകാരും വീട്ടുകാരും ശുചിമുറിയുടെ തറയും പൈപ്പുകളും പൊളിച്ച് വിശദമായ പരിശോധന നടത്തി. നേരത്തെ നാല് തവണയും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത് അതിമാരക വിഷമുള്ള ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ട് വയസ്സുകാരനായ ആല്‍ജോ പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. ആല്‍ജോയുടെ സഹോദരന് നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിടപ്പുമുറിയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികള്‍ക്ക് പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ആദ്യം ഭക്ഷണവിഷബാധയാണെന്ന് കരുതിയെങ്കിലും, വായില്‍ നിന്ന് നുരയും പതയും വന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ ആല്‍ജോ മരിക്കുകയായിരുന്നു.
വീടിനുള്ളില്‍ പാമ്പിന് കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീടിന് ചുറ്റും തീയിട്ടിരുന്നു. കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്നാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.