‘ഇരട്ടത്താപ്പ് കാട്ടി മുഖ്യമന്ത്രി; അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കപ്പ് ഇനി ഉയർത്തരുത്’- വി. ഡി. സതീശൻ

Jaihind News Bureau
Tuesday, March 10, 2026

മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ഗുരുതരമായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും, മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങാൻ അദ്ദേഹം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ഗണേഷ് കുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ പിണറായി വിജയൻ, ഇപ്പോൾ സ്വന്തം മന്ത്രിസഭയിലെ അംഗത്തിന്റെ കാര്യത്തിൽ പുലർത്തുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വാക്കും പ്രവൃത്തിയും ഒന്നാണെന്നും, കുറ്റം നടന്നതായി അറിഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ വെളിപ്പെടുത്തിയ കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും, പുറത്തുപറയാൻ പോലും പറ്റാത്ത തരത്തിലുള്ള അതിക്രമങ്ങളാണ് ഗണേഷ് കുമാറിൽ നിന്ന് ഉണ്ടായതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തന്നെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മന്ത്രി വീട്ടിലെത്തിയെന്നും, ഇതിന്റെ തെളിവുകൾ ഫോട്ടോകളായി തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോൻ തുറന്നു പറഞ്ഞിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വേഗത്തിൽ നടപടിയെടുത്ത സർക്കാർ, ഗണേഷ് കുമാറിന്റെ കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും, ഈ വിഷയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഇടത് മുന്നണിക്കുമുണ്ട്. പ്രത്യേകിച്ചും ഗണേഷ് കുമാർ മന്ത്രിയായി തുടരുന്നതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കുള്ള എതിർപ്പ് മുന്നണിക്കുള്ളിൽ പുകയുകയാണ്. പത്തനാപുരത്ത് ഗണേഷ് കുമാർ മത്സരിക്കുമ്പോൾ, സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന ഇടതുപക്ഷം എന്ത് മറുപടിയാണ് നൽകുകയെന്ന് പ്രതിപക്ഷം ചോദിക്കുന്നു. അതിജീവിതകൾക്കൊപ്പം എന്ന പേരിൽ കപ്പ് ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഇനി ആ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സതീശൻ മുന്നറിയിപ്പ് നൽകി.