പകയുടെയും പ്രത്യാക്രമണത്തിന്റെയും ചരിത്രം; ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

Jaihind News Bureau
Thursday, March 5, 2026

ടി20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം നടക്കുന്നത്. കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇരു ടീമുകള്‍ക്കും ഈ വിജയം അനിവാര്യമായതിനാല്‍ പോരാട്ടം അതിശക്തമാകുമെന്ന് ഉറപ്പാണ്. ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ വെല്ലുവിളി അതിജീവിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. ഇതിനുമുമ്പ് ലോകകപ്പ് സെമിഫൈനലുകളില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയവുമായി തുല്യശക്തികളായാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ മുന്‍തൂക്കം ആര്‍ക്കാണെന്ന് പ്രവചിക്കുക പ്രയാസകരമാണ്. സൂപ്പര്‍ എട്ട് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. എങ്കിലും ഗ്രൂപ്പ് ഘട്ടം മുതലുള്ള ടീമിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ണ്ണായകമായ സെമി പോരാട്ടത്തില്‍ ഈ പോരായ്മകള്‍ പരിഹരിച്ച് ഇന്ത്യക്ക് തിളങ്ങാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ജയിക്കുന്ന ടീം ഞായറാഴ്ച ഫൈനലില്‍ കിവീസിനെ നേരിടും.

ട്വന്റി 20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും ആവേശം നിറഞ്ഞതാണ്. ഡര്‍ബനില്‍ യുവരാജ് സിംഗ് ആറ് സിക്‌സറുകള്‍ പായിച്ച് ചരിത്രം കുറിച്ചതും, കൊളംബോയില്‍ ധോണിപ്പട ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയതും ആരാധകര്‍ മറക്കില്ല. എന്നാല്‍ ലോര്‍ഡ്സിലും അഡ്ലെയ്ഡിലും ഇംഗ്ലണ്ട് നല്‍കിയ പ്രഹരങ്ങള്‍ ഇന്ത്യക്ക് വേദനയേറിയ ഓര്‍മ്മകളാണ്. ഗയാനയില്‍ രോഹിതും സംഘവും പകരം വീട്ടിയെങ്കിലും, തുടര്‍ച്ചയായ മൂന്നാം എഡിഷനിലും കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ ജയം അനിവാര്യമാണ്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ഈ ഹൈ-വോള്‍ട്ടേജ് സെമിഫൈനല്‍. ആതിഥേയരായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിന്റെ വെല്ലുവിളി അതിജീവിക്കുക എന്നത് ഒരു അഭിമാന പ്രശ്നമാണ്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെങ്കിലും, ഗ്രൂപ്പ് ഘട്ടം മുതലുള്ള ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ടീം ഇനിയും പൂര്‍ണ്ണമായ ഫോമിലേക്ക് എത്തിയിട്ടില്ല എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. മുന്‍പ് സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം വിജയിച്ച ചരിത്രമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.

ഇന്ത്യന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും സ്പിന്‍ വിഭാഗത്തെ നയിക്കുമ്പോള്‍, ഫോമിലുള്ള കുല്‍ദീപ് യാദവ് ബെഞ്ചിലിരിക്കുന്നത് ടീമിന് തിരിച്ചടിയായേക്കാം. വരുണ്‍ ചക്രവര്‍ത്തിയെ തുറുപ്പുചീട്ടായി കാണുന്നുണ്ടെങ്കിലും സൂപ്പര്‍ എട്ടില്‍ താരം ധാരാളം റണ്‍സ് വഴങ്ങിയത് ഇന്ത്യയുടെ ആശങ്ക കൂട്ടുന്നു. മറുവശത്ത്, ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ മികച്ച ഫോമിലാണ്. 11 വിക്കറ്റുമായി ആദില്‍ റഷീദും 10 വിക്കറ്റുമായി ലിയാം ഡൗസണും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്ക് കാട്ടുന്നു. പാര്‍ട്ട് ടൈം ബൗളറായി എത്തുന്ന വില്‍ ജാക്‌സണും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇംഗ്ലണ്ടിന് നിലവില്‍ മുന്‍തൂക്കം നല്‍കുന്നു.