തൃശൂരിൽ ആവേശമായി ‘പുതുയുഗ യാത്ര’; ഇന്ന് ആറ് മണ്ഡലങ്ങളിൽ

Jaihind News Bureau
Thursday, February 19, 2026

തൃശൂർ: സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ആവേശകരമായി തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ഇന്നത്തെ പരിപാടികൾ രാവിലെ 8.30-ന് തൃശൂർ രാമനിലയത്തിൽ വെച്ച് ആരംഭിക്കും. വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിപക്ഷ നേതാവ്, അവരുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യും. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.

ജനസമ്പർക്ക പരിപാടിക്ക് ശേഷം, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളും പരിഷ്കാരങ്ങളും ചർച്ച ചെയ്ത ‘ഹയർ എജ്യുക്കേഷൻ കോൺക്ലേവി’ന്റെ സുപ്രധാന റിപ്പോർട്ട് വി.ഡി. സതീശൻ പ്രസിദ്ധീകരിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപക്ഷം തയ്യാറാക്കിയ പഠനരേഖയാണിത്. തുടർന്ന് മാധ്യമങ്ങളെ കാണുന്ന പ്രതിപക്ഷ നേതാവ് സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കും.

ഉച്ചയ്ക്ക് ശേഷം ജില്ലയിലെ ആറ് പ്രധാന നിയോജക മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. പുതുക്കാട് മണ്ഡലത്തിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കും പൊതുയോഗങ്ങൾക്കും ശേഷം വൈകുന്നേരത്തോടെ ചാലക്കുടിയിൽ ഇന്നത്തെ യാത്ര സമാപിക്കും. യു.ഡി.എഫ് പ്രവർത്തകരും ജനങ്ങളും വൻതോതിൽ യാത്രയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.