‘എജ്ജാതി ചുറ്റിക’; ‘പി.എച്ച്.ഡി അലങ്കാരമല്ലെന്ന് തെളിയിച്ചു’; അലോഷ്യസ് സേവ്യറിനെ അഭിനന്ദിച്ച് ജോയ് മാത്യു

Jaihind News Bureau
Wednesday, February 18, 2026

കൊച്ചി: നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് നടന്‍ ജോയ് മാത്യുവിന്റെ അഭിനന്ദനം. ചില മനുഷ്യരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കുറിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു.

നാട്ടുകാരുടെ നികുതിപ്പണമെടുത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ലാഭമുണ്ടാക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമായി 20 കോടി രൂപയുടെ അഴിമതിയാണ് സര്‍വ്വേയുടെ പേരില്‍ നടക്കുന്നതെന്ന് ജോയ് മാത്യു ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ച് വിജയം നേടിയ അലോഷ്യസിന്റെ നടപടി സര്‍ക്കാരിന്റെ ‘തലമണ്ട നോക്കി കിട്ടിയ ചുറ്റികയടി’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അലോഷ്യസ് ചുറ്റിക കണ്ടെത്തിയത് വെറുമൊരു മുദ്രാവാക്യം വിളിയിലൂടെയല്ലെന്നും, സാമ്പത്തിക ശാസ്ത്രത്തില്‍ താന്‍ കൈവരിച്ച അറിവ് ഉപയോഗപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പി.എച്ച്.ഡി എന്നത് വെറുമൊരു അലങ്കാരമായി കൊണ്ടുനടക്കാനുള്ളതല്ലെന്ന് അലോഷ്യസ് തെളിയിച്ചുവെന്നും ജോയ് മാത്യു തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. ‘ഏജ്ജാതി ചുറ്റിക!’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ജോയ് മാത്യു കുറിപ്പ് അവസാനിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നവകേരള സര്‍വ്വേക്കെതിരെ കെ.എസ്.യു കോടതിയെ സമീപിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച്ചയാണ് നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കിയത്. ഈ സംരംഭത്തിന് 20 കോടി രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി. അത്തരമൊരു പരിപാടി നടപ്പിലാക്കുന്നതിനായി ചെലവഴിച്ചത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വിഎം എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരിപാടി ആരംഭിച്ച ഉത്തരവ് റദ്ദാക്കണമെന്നും ‘ഭരണകക്ഷിയുടെയോ മുന്നണിയുടെയോ വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കായി പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നും’ ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളിലായിരുന്നു കോടതി ഉത്തരവ്.