കിഫ്ബി പരസ്യം ഭരണത്തുടര്‍ച്ചയ്ക്കുള്ള രാഷ്ട്രീയക്കളി; സിഇഒയുടേത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 17, 2026

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിഫ്ബി കോടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കിഫ്ബി സിഇഒ നല്‍കിയ വിശദീകരണം ‘ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കല്‍’ ആണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി ഇടപാടുകളില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫിനാന്‍ഷ്യല്‍ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനാണ് പരസ്യം നല്‍കുന്നതെന്ന കിഫ്ബിയുടെ വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ‘പരസ്യം നല്‍കിയാണോ ധനകാര്യ സ്ഥാപനങ്ങള്‍ റേറ്റിംഗ് നേടുന്നത്? ഫിനാന്‍സില്‍ പ്രാഥമിക അറിവില്ലാത്തവരെപ്പോലെയാണ് സിഇഒ സംസാരിക്കുന്നത്. ക്യാഷ് ഫ്‌ലോയും ഗവണ്‍മെന്റ് ഗ്യാരണ്ടിയും നോക്കിയാണ് റേറ്റിംഗ് ഏജന്‍സികള്‍ മാനദണ്ഡം നിശ്ചയിക്കുന്നത്. 95 ശതമാനവും മലയാളത്തിലുള്ള പരസ്യങ്ങള്‍ കണ്ട് റേറ്റിംഗ് ഏജന്‍സികള്‍ മാര്‍ക്കിടുമെന്ന് പറയുന്നത് അസംബന്ധമാണ്,’ അദ്ദേഹം പറഞ്ഞു. മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ കുറഞ്ഞ പലിശയ്ക്ക് കടമെടുക്കുമ്പോള്‍ കിഫ്ബി ഒന്‍പതര ശതമാനം വരെ ഉയര്‍ന്ന പലിശയ്ക്കാണ് പണമെടുക്കുന്നത്. മസാല ബോണ്ട് വഴി സ്വീകരിച്ച പണം കാലാവധിക്ക് മുന്‍പേ നിരുപാധികം തിരിച്ചടച്ചത് നിയമപരമായ അപകടങ്ങള്‍ ഭയന്നാണെന്നും ചെന്നിത്തല ആരോപിച്ചു.

വ്യക്തികളുടെ പേരില്‍ കോടിക്കണക്കിന് രൂപ കൈമാറിയതിനെ ചെന്നിത്തല ചോദ്യം ചെയ്തു. പണം സ്വീകരിച്ചവര്‍ പിഡബ്ല്യുഡി കരാറുകാരാണെന്ന സിഇഒയുടെ മറുപടി പുതിയ സംശയങ്ങള്‍ക്ക് വഴിതുറക്കുന്നു. പിഡബ്ല്യുഡി കരാറുകാര്‍ വഴി എന്ന് മുതലാണ് കിഫ്ബി പരസ്യം നല്‍കി തുടങ്ങിയതെന്നും, പരസ്യത്തിന്റെ പണം എന്തിനാണ് കരാറുകാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഓഫീസിനെ നയിക്കുന്ന വ്യക്തി തന്നെ കിഫ്ബി സിഇഒ ആയി ഇരിക്കുന്നത് സ്ഥാപനത്തിന്റെ സ്വതന്ത്ര സ്വഭാവം തകര്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് കിഫ്ബി ഇടപാടുകള്‍ പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.