
ബെംഗളൂരു: അപകീര്‍ത്തി കേസില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ക്രിമിനല്‍ നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ ഉന്നയിച്ച ’40 ശതമാനം കമ്മീഷന്’ ആരോപണത്തിന്റെ പേരില്‍ നല്കിയ കേസിലാണ് ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് വിധി പുറപ്പെടുവിച്ചത്.
ഈ കേസ് നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമസംവിധാനത്തിന്റെ ദുരുപയോഗമാകുമെന്ന് കോടതി നിരീക്ഷിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ എല്ലാ നടപടികളും റദ്ദാക്കിയ കോടതി, ബിജെപിയുടെ പരാതിയില്‍ കഴമ്പില്ലെന്ന സൂചനയാണ് നല്‍കിയത്. അന്ന് അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ കരാറുകാരില്‍ നിന്നും മറ്റും 40 ശതമാനം കമ്മീഷന് കൈപ്പറ്റുന്നു എന്ന കോണ്‍ഗ്രസിന്റെ പരസ്യ പ്രചാരണമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് കേശവ് പ്രസാദ് നല്കിയ പരാതിയില്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ബിജെപിയുടെ നീക്കങ്ങള്‍ പാളിയിരിക്കുകയാണ്. കേസില്‍ നേരത്തെ സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.