
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം. ആദ്യ പോരാട്ടത്തില്‍ അമേരിക്കയെ 29 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ, നമീബിയക്കെതിരെയും വലിയ വിജയം നേടി ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൊളംബോയില്‍ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിര്‍ണ്ണായക പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് ഈ മത്സരം ഏറെ പ്രധാനപ്പെട്ടതാണ്.
ടീമിനെ സംബന്ധിച്ച് താരങ്ങളുടെ ആരോഗ്യസ്ഥിതി വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പായി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട സഞ്ജുവിന് തന്റെ മികവ് തെളിയിക്കാനും വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുമുള്ള അവസാന വട്ട അവസരമായിരിക്കും ഇത്.
പനി മൂലം ആദ്യ മത്സരം നഷ്ടമായ പ്രീമിയര്‍ പേസര്‍ ജസ്പ്രിത് ബുംറ ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് കരുത്താകും. കഴിഞ്ഞ ദിവസം നെറ്റ്സില്‍ പന്തെറിഞ്ഞ ബുംറ പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്തതായാണ് സൂചന. എന്നാല്‍ ബുംറ വരുമ്പോള്‍ ആര് പുറത്തുപോകും എന്ന ചോദ്യം സെലക്ടര്‍മാരെ കുഴയ്ക്കുന്നുണ്ട്. അമേരിക്കക്കെതിരെ മൂന്ന് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തുന്നതിനെതിരെ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.