
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറപകടത്തില്‍ മ്യൂസിയം പോലീസിന് ബോധപൂര്‍വ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ വെള്ളപൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.
ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂം വാഹനവും മ്യൂസിയം പോലീസും സ്ഥലത്തെത്തിയെന്നും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാനാണ് ആദ്യം മുന്‍ഗണന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പോലീസ് രണ്ട് തവണ നടന്റെ വീട്ടിലെത്തിയിരുന്നു എന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, അപകടം നടന്ന വിവരം താന്‍ പോലീസിനെ വിളിച്ചറിയിച്ചിരുന്നു എന്ന നടന്റെ വാദം വിശ്വസനീയമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ നടന്‍ മണിയന്‍പിള്ള രാജു പിറ്റേന്നാണ് സ്റ്റേഷനില്‍ ഹാജരായത്. ബൈക്ക് അതിവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയം മൂലമാണ് നിര്‍ത്താതെ പോയതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു. എന്നാല്‍, തുടക്കം മുതല്‍ നടനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. രാത്രിയില്‍ വീട്ടിലെത്തിയ പോലീസ് നടന്‍ അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങിയതും, പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രാത്രി തന്നെ വാഹനം കസ്റ്റഡിയിലെടുക്കാത്തതും പോലീസിന്റെ വീഴ്ചയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, നടന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ വൈകിയതിലൂടെ ശാസ്ത്രീയമായ വൈദ്യപരിശോധനയ്ക്കുള്ള അവസരം നഷ്ടപ്പെട്ടെന്നും പരാതിയുണ്ട്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മാത്രം രക്തസാമ്പിള്‍ ശേഖരിച്ച് കെമിക്കല്‍ ലാബിലേക്ക് അയച്ചത് കൃത്യമായ ഫലം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.