മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. നിലമ്പൂരില്‍ കണ്ടത് ഭരണവിരുദ്ധ വികാരത്തിന്റെ കുത്തൊഴുക്കെന്നും ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം യുഡിഎഫിന്റെ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ബിഗ്‌സല്യൂട്ട് നല്‍കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേവലം കാവല് മന്ത്രിസഭയായി ഇപ്പോഴത്തെസര്ക്കാര് മാറിയെന്നും അദ്ദേഹം പറഞ്ഞു. അവര്ക്ക് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു. സെമിഫൈനലില് വിജയിച്ചത് യുഡിഎഫാണ്. ഫൈനലിലും യുഡിഎഫ് കുതിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മിന്നുന്ന വിജയം നേടി. പിണറായി സര്‍ക്കാരിന്റെ ഭരണ വിരുദ്ധതയുടെ, സ്വജനപക്ഷപാതത്തിന്റെ നേര്‍സാക്ഷ്യമാണ് നിലമ്പൂരില്‍ അലയടിച്ചത്. പതിറ്റാണ്ടിനു ശേഷം നിലമ്പൂര്‍ യുഡിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്. നിലമ്പൂരില്‍ എങ്ങും ആഘോഷ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്‍ഡിഎഫ് തട്ടകത്തില്‍ പോലും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു ഷൗക്കത്ത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ മണ്ഡലത്തില്‍ പോലും ലീഡ് നേടാന്‍ കഴിയാതെയാണ് പിണറായിയുടെ പാര്‍ട്ടിക്ക് മടങ്ങേണ്ടി വരുന്നത്. കോണ്‍ഗ്രസ് നേതാക്കളടക്കം ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി പ്രതിഫലിക്കുകയായിരുന്നു നിലമ്പൂരില്‍. ഇനി നിലമ്പൂരിലെ ജനങ്ങള്‍ക്കു വേണ്ടി, കഴിഞ്ഞ 10 വര്‍ഷം അനുഭവിച്ച നീതിനിഷേധത്തിനു വേണ്ടി സംസാരിക്കാന്‍ കേരള നിയമസഭയില്‍ ആര്യാടന്‍ ഷൗക്കത്ത് ഉണ്ടാകും.