സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി : പൊലീസും ഭീകരവിരുദ്ധ സേനയും സ്ഥലത്ത് ; വെടിവെപ്പ്

Jaihind News Bureau
Thursday, January 30, 2020

ലക്നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി കൊലക്കേസ് പ്രതി. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണ് കുട്ടികള്‍ ഉൾപ്പടെയുള്ളവരെ ബന്ദികളാക്കിയത്. ഇരുപത്തഞ്ചോളം കുട്ടികള്‍ക്ക് പുറമെ ഏതാനും സ്ത്രീകളും ബന്ദിയാക്കപ്പെട്ടവരില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ നാട്ടുകാർക്കും പൊലീസിനുമെതിരെ വെടിയുതിര്‍ത്തു.

മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് അക്രമി കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കിയത്. സുഭാഷ് ബാതം എന്നാണിയാളുടെ പേരെന്നാണ് വിവരം. ഏറെ നേരമായിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ക്ക് നേരെ ഇയാൾ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന് നേരെയും ഇയാൾ വീടിന്‍റെ ടെറസിൽ നിന്ന് വെടിയുതിർക്കുകയും ബോംബ് എറിയുകയും ചെയ്തു. തുടർന്ന് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. അക്രമിയെ അനുനയിപ്പിച്ച് ബന്ദികളാക്കിയ കുട്ടികളെയും സ്ത്രീകളെയും മോചിപ്പിക്കാൻ ശ്രമം തുടരുകയാണ്.

എത്ര പേരെയാണ് ബന്ദികളാക്കിയതെന്ന് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇരുപത്തഞ്ചോളം കുട്ടികളുണ്ടാകുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഏതാനും സ്ത്രീകളെയും ഇയാള്‍ ബന്ദികളാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ അക്രമിയുടെ ഭാര്യയും കുട്ടിയും ബന്ദികളാക്കപ്പെട്ടവരിലുണ്ട്. ആര്‍ക്കും അപകടം പറ്റാത്തെ മോചിപ്പിക്കാനാണ് പൊലീസും ഭീകരവിരുദ്ധ സംഘവും ശ്രമിക്കുന്നത്. അക്രമിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു.