ജടായു എന്ന ശില്‍പ വിസ്മയം

Jaihind Webdesk
Thursday, June 14, 2018

പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായുവിന്റേത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി ഉയരത്തിലാണ് ജടായുശില്പം നിർമ്മിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്പം ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ശില്പമാകുമെന്നാണ് കരുതുന്നത്.

മലമുകളിലെ 15000 ചതുരശ്രയടി സ്ഥലത്താണ് ശില്പം ഒരുക്കുന്നത്. പൂര്‍ണമായും നിർമ്മിച്ചു കഴിയുമ്പോൾ ശില്പത്തിനുള്ളിലേക്കു കടന്നാല്‍ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ കാണാം. ശില്പത്തിനകത്തെ വിസ്മയങ്ങൾ അമ്പരപ്പിക്കുന്നതാണ് ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും.

ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് മാത്രമേ ഒരു സമയം പ്രവേശനമുള്ളു. രാമ-രാവണ യുദ്ധം ദൃശ്യത്തനിമയും, പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും. 65 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ജടായുപ്പാറമുകളിലെത്താന്‍ കേബിള്‍ കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് ഹെലിപാഡുകള്‍, ജലാശയം, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഇതിനകം പണിപൂര്‍ത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യമേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പ്രഥമ സംരംഭമാണിതെന്ന പ്രത്യേകതയും ജടായുവിനുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ 200 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

കേബിള്‍ കാര്‍ സംവിധാനത്തിനുമാത്രം 40 കോടി രൂപ ചെലവഴിച്ചു. 750 മീറ്ററാണ് കേബിൾ കാർ സംവിധാനം ഒരുങ്ങിയത്. ഒരു കേബിൾ കാറില്‍ എട്ടുപേര്‍ക്ക് ഒരു സമയം സഞ്ചരിക്കാം.

രാജ്യന്തര നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 8.5 കോടി രൂപയും വൈദ്യുതിക്കായി 1.75 കോടി രൂപയും ചെലവഴിച്ചിടുണ്ട്.

തലസ്ഥാനമായ തിരുവന്തപുരത്ത് നിന്നും  എം.സി.റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അതിര്‍ത്തിയായ കിളിമാനൂര്‍ കടന്ന് 11കിലോമീറ്റര്‍ പിന്നിടുമ്പോള്‍  ജടായുപ്പാറ എന്ന വിസ്മയം കണ്ണില്‍ തെളിയും. മധ്യകേരളത്തില്‍ നിന്നും, വടക്കന്‍ കേരളത്തില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് ചങ്ങനാശ്ശേരിയില്‍ നിന്നും ഏകുദേശം 90കിലോമീറ്റര്‍ പിന്നിടുമ്പോള്‍  ജടായുപാറ  സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം.

കുരിയോട് ഹില്‍വേ ഹോട്ടലിനോടു ചേര്‍ന്ന്  അഡ്വഞ്ചര്‍ പാര്‍ക്കിന് സമീപത്തായി ജടായു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സാഹസികതയ്ക്കുള്ള സൗകര്യങ്ങളും നിരവധി റൈഡുകളും സഞ്ചാരികളെ ആകര്‍ഷിക്കാനായി ഇതിനോടകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ജടായുപ്പാറയോടു അടുത്തു തന്നെ കോദണ്ഡരാമക്ഷേത്രത്തിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്.