കേജ്‌രിവാളിന്‍റെ സമരം അഞ്ചാം ദിവസത്തില്‍‌; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

Jaihind News Bureau
Friday, June 15, 2018

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവര്‍ ലഫ്റ്റനന്‍റ് ഗവർണറുടെ ഓഫിസിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കൈകൂപ്പി അപേക്ഷിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ഉദ്യോഗസ്ഥ സമരം ഒട്ടേറെ ജോലികളെ ബാധിച്ചിട്ടും ലഫ്റ്റനന്‍റ് ഗവർണർ വിഷയത്തിൽ ഇടപെടുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ഇടപെടണമെന്ന് ഡൽഹി സർക്കാരും ജനങ്ങളും തൊഴുകൈകളോടെ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേജ്‌രിവാൾ വ്യക്തമാക്കി. വസ്ത്രം പോലും മാറാതെയാണു കേജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരം.

നിരാഹാരം നടത്തുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഫയലുകൾ സമരസ്ഥലത്തേക്ക് എത്തിച്ചാണു കേജ്‌രിവാൾ പരിശോധിച്ചത്. ഉദ്യോഗസ്ഥ നിസഹകരണം അവസാനിപ്പിക്കുകയും വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കേജ്‌രിവാളിന്‍റെ നിലപാട്. സമരത്തിന് സി.പി.എം, ആർ.ജെ.ഡി പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.