പരമാധികാരം ഡല്‍ഹി മുഖ്യമന്ത്രിക്ക്; ലഫ്. ഗവര്‍ണര്‍ സ്വതന്ത്ര തീരുമാനമെടുക്കേണ്ടെന്ന് സുപ്രീം കോടതി

Jaihind News Bureau
Wednesday, July 4, 2018

ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീം കോടതി. ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവർ‌ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആം ആദ്മി പാർട്ടി നൽകിയ കേസിലാണ്സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ലഫ്റ്റനന്റ് ഗവർണറുടെ പദവി ഗവർണർക്കു തുല്യമല്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാൻ. ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനാണ് കൂടുതൽ അധികാരം. പൊതു ഉത്തരവുകൾ, പൊലീസ്, ഭൂമി എന്നിവയിൽ മാത്രമായി സുപ്രീം കോടതി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും എല്ലാ കാര്യത്തിലും ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം സർക്കാർ തീരുമാനങ്ങളിൽ ഇടപെടാനുള്ള സ്വതന്ത്രാധികാരം ലഫ്റ്റനന്‍റ് ഗവർണർക്ക് ഭരണഘടന നൽകുന്നില്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് ഡൽഹിയിലെ ജനങ്ങളുടെ വിജയം കൂടിയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം മുടങ്ങിക്കിടന്ന ജനക്ഷേമ പദ്ധതികൾ പുനഃരാരംഭിക്കുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം ചേരും. വൈകിട്ടാണ് യോഗം ചേരുന്നത്.