‘ഞെട്ടിപ്പിക്കുന്ന നടപടി, ഇവരെന്താണ് ചെയ്യുന്നത് ? ‘ : അന്തിമ പോളിംഗ് ശതമാനം വൈകിപ്പിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

Jaihind News Bureau
Sunday, February 9, 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം സമയബന്ധിതമായി പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഞെട്ടിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇപ്പോഴത്തെ നടപടി സംശയാസ്പദമാണെന്നും ആം ആദ്മി ആരോപിച്ചു.

‘ഇത് ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നത് ? പോളിംഗ് പൂര്‍ത്തിയായി നിരവധി മണിക്കൂറുകള്‍ക്ക് ശേഷവും ഇവർ അന്തിമ പോളിംഗ് ശതമാനം പുറത്തുവിടാത്തത് എന്തുകൊണ്ടാണ് ?’ – കെജ്‌രിവാൾ ട്വിറ്ററില്‍ കുറിച്ചു.

എ.എ.പി ദേശീയ വക്താവ് സഞ്ജയ് സിംഗും വാർത്താസമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചു. അന്തിമ പോളിംഗ് ശതമാനം വൈകിപ്പിച്ചതില്‍ മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥമാണെന്നും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി. പോളിംഗ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ലോക്സഭാ പോളിംഗ് ശതമാനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍, താരതമ്യേന ചെറിയ ഒരു സംസ്ഥാനത്തെ പോളിംഗ് ശതമാനം പുറത്തുപറയാന്‍ വൈകിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയേണ്ടതുണ്ടെന്നും ആം ആദ്മി പാർട്ടി വക്താവ് ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇ.വി.എം) കൃത്രിമം നടത്താൻ ശ്രമം നടന്നുവെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉള്ള വീഡിയോകൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ ആരോപണം നിഷേധിച്ചു. ഫെബ്രുവരി 11 നാണ് ഡല്‍ഹിയിലെ വോട്ടെണ്ണല്‍. 70  സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.