ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി കോൺഗ്രസ് പ്രകടന പത്രിക

Jaihind News Bureau
Sunday, February 2, 2020

ന്യൂഡല്‍ഹി : പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ഡൽഹിയിൽ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. മലിനീകരണം തടയാന്‍ ബജറ്റിന്‍റെ 20 ശതമാനവും നീക്കിവെക്കും. പ്രായമായവര്‍ക്ക് ബസ് യാത്ര സൗജന്യം. പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡിവരെ സൗജന്യ വിദ്യാഭ്യാസം, എയിംസിന് തുല്യമായ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ലോക്പാൽ നടപ്പാക്കുമെന്നും കോണ്‍ഗ്രസ്.

ലോകത്തെ തന്നെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പരിഗണനയാണ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. വാർഷിക ബഡ്ജറ്റില്‍ 25 ശതമാനം മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും നീക്കിവെക്കും. വായുമലിനീകരണം നിയന്ത്രിക്കാന്‍ വന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിന് പുറമെ പ്രായമായവർക്ക് സൌജന്യ ബസ് യാത്ര, പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡി വരെ സൌജന്യ വിദ്യാഭ്യാസം, എയിംസിന് തുല്യമായ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, എല്ലാവർക്കും 300 യൂണിറ്റ് വൈദ്യുതി സൌജന്യം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ബിരുദധാരികളായ തൊഴില്‍രഹിതർക്ക് 5000 രൂപയും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 7,500 രൂപയും തൊഴിലില്ലായ്മ വേതനം നല്‍കും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീകരണത്തിനും പ്രകടനപത്രികയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. 5,000 രൂപയില്‍ താഴെ മാസവരുമാനമുള്ള മുതിർന്ന പൌരന്മാർക്ക് ഷീലാ പെന്‍ഷന്‍ യോജന വഴി പെന്‍ഷന്‍ നല്‍കും. വിദ്യാഭ്യാസത്തിനും കാർഷികവികസനത്തിനും വലിയ പദ്ധതികള്‍ പ്രകടനപത്രികയില്‍ ഇടംപിടിച്ചു. ഡല്‍ഹി പി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശർമ, പി.സി.സി അധ്യക്ഷന്‍ സുഭാഷ് ചോപ്ര, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.