വെസ്റ്റ് നൈൽ പനി; കോഴിക്കോട് സ്ഥിരീകരിച്ചത് അഞ്ചു കേസുകള്‍, ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

Jaihind Webdesk
Tuesday, May 7, 2024

 

കോഴിക്കോട്: ജില്ലയിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈൽ പനിയുടെ അഞ്ച് കേസുകളാണ് കോഴിക്കോട് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ നാലു പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മൂന്ന് കേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമേ സ്ഥിരീകരിക്കാത്ത ഒരു കേസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

വെസ്റ്റ് നൈൽ പനി ബാധിക്കുന്നവരിൽ 80 ശതമാനം പേരിലും ലക്ഷണങ്ങൾ കാണാറില്ല. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ജില്ലാ ആരോഗ്യവകുപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന്‍റെ  നേതൃത്വത്തിൽ പരിശോധന നടത്തി ഹോട്ട്സ്പോട്ട് ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കി കൊതുക് മുട്ടയിടുന്നതും പെറ്റുപെരുകുന്നതുമായ സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം. ശുദ്ധജലം ഉപയോഗിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം.

ജില്ലയിൽ കൊതുക് പെറ്റുപെരുകി രോഗപ്പകർച്ച ഭീതി സൃഷ്ടിക്കുന്ന ഉറവിടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ഡെങ്കു, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി കേസുകൾ അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. മലിന ജലത്തിന്‍റെ  ഉപയോഗം ആണ് ഇതിന്‍റെ മുഖ്യകാരണമെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.