മോദി-ഷാ കൂട്ടുകെട്ടിന്‍റെ പാളിപ്പോയ ഡല്‍ഹി തന്ത്രം ; ബി.ജെ.പിയുടെ വർഗീയ കാർഡിന് ഡല്‍ഹിയുടെ കടുംവെട്ട്

Jaihind News Bureau
Tuesday, February 11, 2020

Modi Shah

ഡല്‍ഹിയുടെ മാലിന്യം തൂത്തുവാരാന്‍ ഡല്‍ഹിയിലെ പ്രബുദ്ധരായ വോട്ടർമാർ തീരുമാനിച്ചതാണ് ആം ആദ്മിയുടെയും കെജ് രിവാളിന്‍റെയും വിജയം. മതേതരത്വത്തിനും ജനാധിപത്യ വിരുദ്ധ നടപടികളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുത്ത് തോല്‍പിച്ച രാഷ്ട്രീയ സംസ്കാരമായിരുന്നു തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. അധികാരവും പണവും ഉപയോഗിച്ച് ഡല്‍ഹി പിടിക്കാനൊരുങ്ങിയ മോദിക്കും അമിത് ഷായ്ക്കും അടിതെറ്റി. ഡല്‍ഹി പിടിക്കാന്‍ അമിത് ഷാ നടത്തിയ പ്രവർത്തനങ്ങള്‍ ഇതായിരുന്നു.

കേന്ദ്രസർക്കാരിന്‍റെയും പാർട്ടിയുടെയും മുഴുവൻ സംവിധാനങ്ങളും കളത്തിലിറക്കി കളിച്ചിട്ടും തികഞ്ഞ നിരാശയാണ് രാജ്യതലസ്ഥാനം ബിജെ.പിക്ക് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏതാനും സീറ്റുകൾ കൂടുതൽ നേടാൻ കഴിഞ്ഞു എന്നതിൽ ഒരിക്കലും ആശ്വാസം കണ്ടത്താൻ ബി.ജെ.പി നേതൃത്വത്തിന് കഴിയില്ല. മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പ്രതിസന്ധിയിലാക്കുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഡൽഹിയിൽ നിന്ന് പുറത്തുവന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിച്ചത്. ബി.ജെ.പി യുടെ 240 എം.പിമാരെയും എഴുപതോളം കേന്ദ്രമന്ത്രിമാരെയും എഴുപത് മണ്ഡലങ്ങളിലും വിന്യസിച്ചതിന് ഒപ്പം അധികാരത്തിന്‍റെ എല്ലാ സൗകര്യങ്ങളും ഒപ്പം പണവും ആവോളം ചെലവാക്കി. എ.എ.പിയും കോൺഗ്രസും വികസന വിഷയങ്ങൾ ചർച്ചയാക്കിയപ്പോൾ വർഗീയ കാർഡിറക്കിയുളള പ്രചരണമാണ് ഡൽഹിയിലും ബി.ജെ.പി പയറ്റിയത്. അയോധ്യയും രാമക്ഷേത്രവുമൊക്കെ ഇവിടെയും ബി.ജെ.പി പ്രചാരണ വിഷയങ്ങളാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷെഹീൻ ബാഗിൽ സമരം ചെയ്ത വീട്ടമ്മമാർക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത് എത്തിയത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു. പൗരത്വ ഭേദഗതി നിയമം വലിയ നേട്ടമാക്കി ഉയർത്തിക്കാട്ടാനും നേതാക്കൾ ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ എന്നിവർക്ക് പുറമെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുളള പ്രമുഖ നേതാക്കളും പല തവണ പ്രചരണത്തിനായി ഡൽഹിയിൽ എത്തി. യോഗിയുടെയും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്‍റെയും ഒക്കെ പ്രസ്താവനകള്‍ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ബി.ജെ. പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ഒരിക്കൽ കൂടി തള്ളിക്കളഞ്ഞിരിക്കുകയാണ് ഡൽഹിയിലെ ജനത. ഷെഹീൻ ബാഗ് അടക്കമുളള ന്യൂനപക്ഷ മേഖലകളിൽ കനത്ത തരിച്ചടിയാണ് ബി.ജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. വർഗീയതയല്ല മറിച്ച് വികസനമാണ് പ്രധാനമെന്ന് ഒരിക്കൽക്കൂടി ബി.ജെ.പിയെ ഓർമിപ്പിക്കുകയാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ മൂന്ന് സീറ്റിൽ നിന്നും നില മെച്ചപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ ഒരിക്കലും ആശ്വാസം കണ്ടെത്താൻ ബി.ജെപിക്ക് കഴിയില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴിൽ എഴ് സീറ്റും ബി.ജെ.പി നേടിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ ഇത്രയും വലിയ തിരിച്ചടി അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അമിത്ഷായും പ്രധാനമന്ത്രിയും നേരിട്ട് ഇറങ്ങിയിട്ടും രാജ്യതലസ്ഥാനത്ത് നേരിട്ട വലിയ തോല്‍വിയുടെ ആഘാതത്തിൽ നിന്നും കരകയറാൻ ഉടനെയൊന്നും ബി.ജെ.പിക്ക് കഴിയില്ല.