കലാപങ്ങൾ തടയാൻ പരിമിതികളുണ്ടെന്ന് സുപ്രീം കോടതി

Jaihind News Bureau
Monday, March 2, 2020

കലാപങ്ങൾ തടയാൻ പരിമിതികളുണ്ടെന്ന് സുപ്രീം കോടതി. കോടതിക്കും സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഡൽഹി കലാപത്തിലേക്ക് വഴിവക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം.

ഡൽഹിയിലെ കലാപത്തിലേക്കു വഴിവയ്ക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഉടൻ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ ഹർഷ് മന്ദൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കലാപങ്ങൾ തടയാൻ കോടതിക്ക് പരിമിതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടിയത്. കലാപങ്ങൾ തടയാൻ കോടതികൾക്കു സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതിനു ശേഷം മാത്രമാണ് കോടതികൾ ചിത്രത്തിലേക്കു വരാറുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

ആളുകൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും സമാധാനം പുലരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പക്ഷെ കോടതികളാണ് ഇതിനുത്തരവാദികളെന്ന തരത്തിൽ വാർത്തകൾ വരുന്നു. ഇത് വായിക്കുമ്പോൾ കോടതികളും സമ്മർദം അനുഭവിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിക്കാരന്‍റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസിന്‍റെ വാദം കേട്ടതിനു ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഹർജി കേൾക്കാൻ ഞങ്ങൾ തയാറാണ് പക്ഷേ ഇത്തരം സംഭവങ്ങൾ തടയാൻ ഞങ്ങൾക്കു സാധിക്കില്ലെന്നു നിങ്ങൾ മനസിലാക്കണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തളളിയ സുപ്രീംകോടതി ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ എന്നിവരുടെ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഡൽഹി പൊലീസിന് കൂടുതൽ സമയം അനുവദിച്ചിരുന്നു. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.