ഡല്‍ഹി കലാപത്തില്‍ പ്രക്ഷുബ്ധമായി പാർലമെന്‍റ് ; അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം

Jaihind News Bureau
Tuesday, March 3, 2020

ഡല്‍ഹി കലാപത്തിൽ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ 2 മണി വരെ നിർത്തിവെച്ചു. ലോക്‌സഭ 12 മണി വരെ നിർത്തിവെച്ചിരുന്നു. പ്ലക്കാർഡുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ എത്തിയത്. കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. കോണ്‍ഗ്രസ് എം.പിമാർ പാര്‍ലമെന്‍റിന് മുന്നിലും ഇന്നലെ പ്രതിഷേധിച്ചിരുന്നു.

അതേസമയം അച്ചടക്കലംഘനമുണ്ടായാൽ എം.പിമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. സഭ നടക്കുന്നതിനിടെ ഇരിക്കുന്നിടത്തുനിന്ന് മറുപക്ഷത്തേക്ക് പോയാൽ എം.പിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവൻ സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പും സ്പീക്കര്‍ നൽകി. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലേക്ക് വരാൻ പാടില്ലെന്നും ഓം ബിർള വ്യക്തമാക്കി. പ്രതിപക്ഷം ഈ തീരുമാനങ്ങളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിപക്ഷബഹളത്തെത്തുടർന്ന് ഇരുസഭകളും 12 മണി വരെയും 2 മണി വരെയും നിർത്തി വെച്ചിരുന്നു. ബി.ജെ.പി എം.പി മർദിച്ചെന്ന രമ്യ ഹരിദാസിന്‍റെ പരാതിയിൽ തീരുമാനം ഇന്നുണ്ടായേക്കും. സഭയിലെ കയ്യാങ്കളിയിലും സ്പീക്കർ ഇന്ന് തീരുമാനം എടുത്തേക്കും.