കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം; നിലപാട് മയപ്പെടുത്തി ട്രംപ്

Jaihind News Bureau
Thursday, June 21, 2018

നിലപാട് മയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാരുടെ കുടുംബങ്ങളിലെ കുട്ടികളെ വേർതിരിച്ച് പ്രത്യേക ക്യാമ്പുകളിൽ പാർപ്പിക്കുന്ന നയത്തിനെതിരെ ലോകവ്യാപകമായി എതിർപ്പ് ഉയർന്നതിനെത്തുടർന്ന് നയം മാറ്റാൻ പ്രഡിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നു. പ്രശ്‌ന പരിഹാരത്തിനുതകുന്ന ഉത്തരവിൽ താമസിക്കാതെ ഒപ്പ് വെക്കുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

അനധികൃത കുടിയേറ്റം പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോര്‍ണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞ മാസം കൊണ്ടുവന്ന നയമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. അനധികൃതമായി അതിർത്തി കടന്ന് യു.എസിൽ പ്രവേശിക്കുന്ന മുതിർന്നവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്. കുടുംബമായി എത്തുന്നവരുടെ കുട്ടികളെ വേർതിരിച്ച് സെല്ലിൽ അടയ്ക്കും.

ഈ നയത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തോളം കുട്ടികളെയാണ് മാതാപിതാക്കളിൽ നിന്ന് വേർതിരിച്ച് പ്രത്യേക ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്. കുട്ടികൾ എവിടെയെന്ന് അറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ കരയുന്ന കുട്ടികളുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെ ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ യു.എസ് നയത്തെ അപലിച്ച് രംഗത്ത് വന്നിരുന്നു.