കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീന ബീച്ചിൽ

Jaihind News Bureau
Wednesday, August 8, 2018

മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീന ബീച്ചിൽ നടത്താമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉന്നയിച്ച എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്

മറീന ബീച്ചിൽ സംസ്‌കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹർജിയിൽ ഇന്നലെ അർധരാത്രിയോടെ വാദം അവസാനിച്ചിരുന്നു. ഡിഎംകെയുടെ വാദത്തിന് മറുപടി നൽകുന്നതിനു തമിഴ്‌നാട് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിൽ 8 മണിക്ക് തുടർന്ന വാദം മണിക്കൂറുകൾ നീണ്ടു.

കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തിൽ രണ്ട് ഏക്കർ സ്ഥലം തമിഴ്‌നാട് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സംസ്‌കാരം മറീന ബീച്ചിൽ തന്നെ നടത്തണമെന്ന ആവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാറിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മാരായ അരവിന്ദ് പാണ്ഡ്യ, എസ്. ആർ രാജഗോപാൽ എന്നിവരും മുതിർന്ന അഭിഭാഷകനായ സി.എസ് വൈദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വിൽസൻ തുടങ്ങിയവരും കോടതിയിൽ ഹാജരായി.

കേസിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സർക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ കോടതിയിൽ പറഞ്ഞു. കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ നടത്തുന്നതിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കക്ഷികൾ പിൻവലിച്ചതും വിധി അനുകൂലമാകാൻ ഇടയാക്കി. കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഹർജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിധി ഡിഎംകെയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. മറീനാ ബീച്ചിൽ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹർജികളാണ് ഹൈക്കോടതിയിലെത്തിയത്. ഹർജികൾ പിൻവലിച്ചതോടെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ മരിക്കുന്നവർക്ക് മാത്രമേ മറീനയിൽ സംസ്‌ക്കാരത്തിന് അനുമതി നൽകുകയുള്ളൂവെന്ന സർക്കാർ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.