അനധികൃത തടയണ പൊളിക്കാനുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍

Jaihind News Bureau
Monday, July 2, 2018


പി.വി അൻവർ എം.എൽ.എയുടെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവിലുള്ള സ്റ്റേ നീക്കാനുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റവന്യൂ വകുപ്പും സർക്കാരും അൻവറിനൊപ്പമോ കളക്ടർക്കൊപ്പമോ എന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരും.

പരാതിക്കാരനായ എം.പി വിനോദിന്റെ ഹർജി ജസ്റ്റിസ് എസ്.പി ചാലിയുടെ ബെഞ്ച് പി.വി അൻവർ എം.എൽഎയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഹർജി പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിലേക്ക് വിടുകയായിരുന്നു. കട്ടിപ്പാറയിലെ ഉരുൾപൊട്ടലിനിടയാക്കിയത് അനധികൃത തടയണയാണെന്ന കണ്ടെത്തലിന്റെ സാഹചര്യത്തിൽ ചീങ്കണ്ണിപാലിയിലെ തടയണപൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

2015ലാണ് പി.വി അൻവർ കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയത്. ഇത് പൊളിച്ചുനീക്കാൻ 2015 സെപ്തംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടിരുന്നു. തുടർന്ന് 2016ൽ സ്ഥലം അൻവർ ഭാര്യാപിതാവ് അബ്ദുൽലത്തീഫിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. തടയണ അപകടസാധ്യതയുള്ളതാണെന്നും ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ഡി.ഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ എട്ടിന് 14 ദിവസത്തിനകം തടയണപൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു.

അൻവറിന്റെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് ഡിസംബർ 20തിന് സ്റ്റേ ചെയ്തു. എന്നാൽ കഴിഞ്ഞ ആറു മാസമായി സ്റ്റേ നീക്കി കളക്ടറുടെ ഉത്തരവ് നടപ്പാക്കാനുള്ള യാതൊരു നടപടിയും റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എതിർസത്യവാങ്മൂലംപോലും സർക്കാർ ഇതുവരെ ഫയൽ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ തന്നെ കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ റവന്യൂ വകുപ്പും സർക്കാരും അൻവറിനൊപ്പമോ കളക്ടർക്കൊപ്പമോ എന്നതായിരിക്കും നിർണായകം. കളക്ടറുടെയും ആർ.ഡി.ഒയുടെയും എതിർസത്യവാങ്മൂല വിവരങ്ങൾ എ.ജി ഓഫീസിന് കൈമാറിയിട്ടുണ്ട്. അൻവറിന്റെ കക്കാടംപൊയിലിലെവാട്ടർതീം പാർക്കിനും ഭൂനിയമം ലംഘിച്ച് പരിധിയിൽകൂടുതൽ ഭൂമി കൈവശം വെച്ചതടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരിസ്ഥിതി പ്രവർത്തകൻ ടി.വി രാജന്റെ ഹർജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.