ജെ.ഡി.എസിന് സീറ്റില്ല; ഇടതുമുന്നണി യോഗത്തിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; പൊന്നാനിയില്‍ അന്‍വറിന്‍റെ പേര് വീണ്ടും

Jaihind Webdesk
Friday, March 8, 2019

Anwar-Krishnankutty

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജെ.ഡി.എസിന് സീറ്റില്ല. 20 ലോക്സഭാ മണ്ഡലങ്ങളില്‍ പതിനാറിടത്ത് സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മത്സരിക്കാന്‍ ധാരണ. എ.കെ.ജി സെന്‍ററില്‍ ചേർന്ന  ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.

സീറ്റ് നൽകണമെന്ന് ജെ.ഡി.എസ് ആവശ്യം ഉന്നയിച്ചെങ്കിലും ഇത് അംഗീകരിച്ചില്ല. സീറ്റ് നൽകാത്തതിൽ ജെ.ഡി.എസും എൽ.ജെ.ഡിയും പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി ഇടപെട്ട് ഇരുകക്ഷികളോടും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടിലായിരുന്നു ജെ.ഡി.എസ്. അതേസമയം ഇടതുമുന്നണി യോഗത്തിന് പിന്നാലെ തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.ഡി.എസ് നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. നേതൃത്വത്തിന്‍റെ കഴിവുകേടാണ് സീറ്റ് ലഭിക്കാത്തതിന് കാരണമെന്ന് യോഗത്തില്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. മുന്നണി വിടണമെന്നതായിരുന്നു ഒരു വിഭാഗത്തിന്‍റെ നിലപാട്.  മന്ത്രിയെ പിന്‍വലിച്ച്  ഒറ്റയ്ക്ക് മത്സരിക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനോട് സംസ്ഥാന പ്രസിഡന്‍റ് കെ കൃഷ്ണന്‍കുട്ടി യോജിച്ചില്ല. നേതാക്കളെ അനുനയിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

പൊന്നാനിയില്‍ വി അബ്ദുറഹ്മാന്‍, മന്ത്രി കെ.ടി ജലീല്‍ എന്നിവരുെട പേരുകളും പരിഗണിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് അബ്ദുറഹ്മാനും മന്ത്രിയായതിനാല്‍ ജലീല്‍ മത്സരിക്കേണ്ടെന്ന് കോടിയേരിയും നിലപാടെടുത്തതോടെ അന്‍‌വറിന്‍റെ പേര് ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു.