ആദിവാസി ഭവന നിർമാണം തടസപ്പെടുത്തിയ പി.വി അന്‍വർ എം.എല്‍.എ വെട്ടില്‍

Jaihind News Bureau
Sunday, January 12, 2020

 

പി.വി അൻവർ എം.എൽ.എയെ വെട്ടിലാക്കി കവളപ്പാറയിലെ പ്രളയ ബാധിതർ കളക്ടറെ സമീപിച്ചു. എടക്കര ചെമ്പൻ കൊല്ലിയിൽ തങ്ങൾക്ക് വീട് നിർമിച്ച് നൽകേണ്ടെന്ന് കവളപ്പാറയിലെ പ്രളയബാധിതർ കളക്ടറോട് ആവശ്യപ്പെട്ടു. ചെമ്പൻ കൊല്ലിയിൽ കവളപ്പാറക്കാർക്ക് വീട് നിർമിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് പി.വി അൻവർ എം.എൽ.എ ആദിവാസികൾക്കുള്ള ഭവന നിർമാണം തടസപ്പെടുത്തിയിരുന്നത്.

പുനരധിവാസത്തിന്‍റെ ഭാഗമായി എടക്കര ചെമ്പിൻ കൊല്ലിയിൽ ചളിക്കൽ കോളനിക്കാർക്ക് ഒരുക്കുന്ന വീടുകൾ കവളപ്പാറയിലെ പ്രളയബാധിതർക്ക് നൽകണം എന്നാവശ്യപ്പെട്ടാണ് പി.വി അൻവർ എം.എൽ.എ ആദിവാസി ഭവന നിർമാണം തടസപ്പെടുത്തിയത്. ഇതിനെ തുടർന്ന് എം.എൽ.എയുടെ അനാവശ്യ ഇടപെടലുകളെ കുറിച്ചും ഭൂമി തട്ടിപ്പിനെ കുറിച്ചും കളക്ടർ തുറന്നടിച്ചത് അൻവറിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കവളപ്പാറയിലെ പ്രളയബാധിതർ തന്നെ ചെമ്പൻ കൊല്ലിയിൽ നിർമാണം പുരോഗമിക്കുന്ന വീടുകളും സ്ഥലവും തങ്ങൾക്ക് വേണ്ടെന്നും ചളിക്കൽ കോളനിക്കാർക്ക് തന്നെ നല്‍കണമെന്നുമുള്ള ആവശ്യവുമായി കളക്ടറെ സമീപിച്ചത്. തങ്ങളുടെ ബന്ധുക്കൾ തന്നെ ചളിക്കൽ കോളനിയിൽ ഉള്ളതായും ഭൂമി സംബന്ധിച്ച വിവാദം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ഇവർ പറയുന്നു.

കവളപ്പാറക്കാർക്ക് ചെമ്പൻ കൊല്ലിയിലെ ഭൂമി വേണ്ടെന്ന് പറഞ്ഞതിനാലാണ് ചളിക്കൽ കോളനിയിലെ ആദിവാസികളെ ഇവിടെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. കലക്ടറുടെ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോൾ കവളപ്പാറയിലെ പ്രളയബാധിതരുടെ പ്രതികരണവും. ഇതോടെ പി.വി അൻവർ എം.എൽ.എ പ്രളയബാധിതരെ മുൻനിർത്തി ഭൂമി തട്ടിപ്പിന് ശ്രമിക്കുന്നു എന്ന വാദം ബലപ്പെടുകയാണ്.