കവളപ്പാറ ഉരുള്‍പൊട്ടല്‍: രണ്ട് ദിവസം കൂടി തെരച്ചില്‍ തുടരാന്‍ തീരുമാനം

Jaihind Webdesk
Monday, August 26, 2019

നിലമ്പൂർ കവളപ്പാറയിൽ രണ്ട് ദിവസം കൂടി തെരച്ചിൽ തുടരാൻ  തീരുമാനമായി. കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാകും തെരച്ചിൽ തുടരുക. കവളപ്പാറയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ നാല് ദിവസമായി കവളപ്പാറയിൽ നടക്കുന്ന തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്  സർവകക്ഷി യോഗം ചേർന്നത്. രണ്ടുദിവസം കൂടി തെരച്ചിൽ തുടരാൻ യോഗത്തിൽ തീരുമാനമായി. കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാകും വീണ്ടും തെരച്ചിൽ നടക്കുക. എന്നിട്ടും കണ്ടുകിട്ടുന്നില്ലെങ്കിൽ തെരച്ചിൽ നിർത്തി കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതർക്ക് ധനസഹായം നൽകും. മരണ സർട്ടിഫിക്കറ്റും നൽകാനും യോഗത്തിൽ  ധാരണമായി.

ആഗസ്റ്റ് എട്ടിന് രാത്രിയാണ് കവളപ്പാറയിൽ മണ്ണിടിഞ്ഞ് വീഴുന്നത്. അപകടം  പുറംലോകമറിഞ്ഞ വെള്ളിയാഴ്ച തന്നെ   രക്ഷാപ്രവർത്തനം തുടങ്ങിരുന്നു. പതിനാറോളം മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയായിരുന്നു രക്ഷാ പ്രവർത്തനം. ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പോലീസും സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജി.പി.ആർ സംവിധാനമെത്തിച്ചെങ്കിലും അത് പരാജയപെട്ടു. മണ്ണിൽ ജലാംശത്തിന്‍റെ അളവ് കൂടിയതായിരുന്നു കാരണം. കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. പതിനൊന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.