പ്രഖ്യാപനത്തിലൊതുങ്ങി സര്‍ക്കാര്‍ സഹായം ; കവളപ്പാറ നിവാസികള്‍ ദുരിതത്തില്‍

Jaihind Webdesk
Sunday, September 15, 2019

കവളപ്പാറയിൽ അപകടം നടന്ന്  ഒരു മാസം കഴിഞ്ഞിട്ടും  മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തേക്ക് റവന്യൂ ഉദ്യോസ്ഥർ ഉൾപ്പെടെയുള്ളവർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്.

കവളപ്പാറയിൽ  ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും  മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച  നാല് ലക്ഷം രൂപയുടെ സഹായധനം  ലഭിച്ചില്ല. അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും  പ്രദേശത്ത് പലർക്കും ലഭിച്ചില്ലെന്നും പരാതിയുണ്ട്. കവളപ്പാറയിൽ കഴിഞ്ഞ എട്ടിന് ദുരിതാശ്വാസ ക്യാമ്പിൽ നടന്ന  ചടങ്ങിൽ  മന്തി കെ.ടി ജലീൽ  സഹായ ധനം  അനുവദിച്ചത് സംബന്ധിച്ച   രേഖയുടെ കൈമാറൽ മാത്രമാണ് നടന്നത്. പണം ഉടൻ അക്കൗണ്ടിലെത്തുമെന്നായിരുന്നു  മന്ത്രി  അന്ന് പറഞ്ഞത്.

കവളപ്പാറ, മുത്തപ്പൻ കുന്ന് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കലംകമിഴ്ത്തി, ചാമപ്പാറ  എന്നീ മേഖലകളില്‍ മണ്ണിടിച്ചിൽ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ ആളുകൾ ഭീതിയിലുമാണ്. ഇവരെ മാറ്റി പാർപ്പിക്കാനോ മറ്റോ  റവന്യൂ  അധികൃതരുൾപ്പടെയുള്ള  ഉദ്യോഗസ്ഥർ  പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്. കവളപ്പാറയിലെ അപകടം നടന്ന മേഖലയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വെറും വാക്കായി. സർക്കാർ ധനസഹായം  ഉടൻ ലഭ്യമാക്കണമെന്നും  പ്രദേശവാസികളുടെ ഭീതി  അകറ്റണമെന്നുമാണ് ആവശ്യം ഉയരുന്നത്.