പി.വി അന്‍വറിനെ തള്ളി സി.പി.ഐ ; കളക്ടറാണ് ശരി, ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് നിലപാട്

Jaihind News Bureau
Wednesday, January 8, 2020

P.V-Anwar-MLA

പി.വി അൻവറിനെതിരെ സി.പി.ഐ. അൻവറിനെ എതിർക്കുന്ന മലപ്പുറം കളക്ടറാണ് ശരിയെന്ന് സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വം. നിലമ്പൂരിൽആദിവാസി വീട് നിർമാണം എം.എൽ.എ തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പ്രളയകാലത്ത് നന്നായി പ്രവർത്തിച്ച കളക്ടറെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും സി.പി.ഐ. സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെയും സി.പി.എമ്മിനെയും വികാരം ധരിപ്പിച്ചു. നാളെ നടക്കുന്ന എൽ.ഡി.എഫ് ജില്ലാ യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

ഇന്നലെ ആയിരുന്നു നിലമ്പൂരിൽ ആദിവാസി വീടുകളുടെ നിർമാണ പ്രവർത്തികൾ പി.വി അൻവർ എം.എൽ.എ തടഞ്ഞത്. സംസ്ഥാന സർക്കാറിന്‍റെ വികസന നയങ്ങളെ അട്ടിമറിക്കാൻ കളക്ടർ ശ്രമിക്കുന്നു എന്ന തരത്തിൽ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്കിനെതിരെ പി.വി അൻവർ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കളക്ടർ പി.വി അൻവറിന്‍റെ അനാവശ്യ ഇടപടലുകളെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തി. സൗജന്യമായി ലഭിച്ച ഭൂമി വില കൊടുത്ത് വാങ്ങണം എന്ന് എം.എൽ.എ ശഠിച്ചു എന്ന് കളക്ടർ വ്യക്തമാക്കി. മാത്രമല്ല പ്രളയദുരിതാശ്വസത്തിന്‍റെ ഭാഗമായ 9 കോടിയിൽ കയ്യിട്ടുവാരാനാണ് ചിലർ ശ്രമിക്കുന്നതന്നും കളക്ടർ പറഞ്ഞിരുന്നു.

സൗജന്യമായി വീടും സ്ഥലവും സ്പോൺസർഷിപ്പ് കിട്ടിയിട്ടും പി.വി അൻവർ ചെയർമാനായ റീബില്‍ഡ് നിലമ്പൂരിന് ഒരു വീട് പോലും ഇത് വരെ നിർമിക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതാണ് കളക്ടർ – അൻവർ പോരിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ പ്രളയകാലത്ത് മാതൃകാപരമായി പ്രവർത്തിച്ച കളക്ടറെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല എന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. പി.വി അൻവറിനെതിരെ ശക്തമായി രംഗത്ത് വരികയും കളക്ടർക്കൊപ്പം ശക്തമായി നിലയുറപ്പിക്കുകയുമാണ് സി.പി.ഐ ചെയ്യുന്നത്. സി.പി.ഐ തങ്ങളുടെ നിലപാട് സി.പി.എം ജില്ലാ നേതൃത്വത്തേയും സി.പി.ഐ സംസ്ഥാന കമ്മിറ്റിയേയും ധരിപ്പിച്ചു. നാളെ നടക്കുന്ന എൽ.ഡി.എഫ് ജില്ലാ യോഗം വിഷയം ചർച്ച ചെയ്യും. ഏതായാലും പാർട്ടിയിലും പുറത്തും പി.വി അൻവർ കൂടുതൽ ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷവും സി.പി.ഐ നേതാക്കളും പി.വി അൻവറും പരസ്പരം കൊമ്പ് കോർക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.