പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Jaihind News Bureau
Monday, July 30, 2018

എറണാകുളം പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതിയായ ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജു കുറ്റം സമ്മതിച്ചു.

രാവിലെ പത്ത് മണിയോടെ പെരുമ്പാവൂരിനടുത്ത് ഇടത്തിക്കാടാണ് സംഭവം. വാഴക്കുളം എം.ഇ.എസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ബിജു വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു. നിമിഷയുടെ മുത്തശിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കാനുള്ള ശ്രമം പെൺകുട്ടി ചെറുത്തു. ഇതിനിടെ കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ഇയാൾ നിമിഷയുടെ കഴുത്തറുക്കുകയായിരുന്നു

സംഭവസമയത്ത് മുത്തശിയും പെൺകുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. നിലവിളി കേട്ട് ഓടിയെത്തിയ അച്ഛൻ തമ്പിയും തമ്പിയുടെ സഹോദരൻ ഏലിയാസും പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇരുവർക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സമീപത്തെ കെട്ടിടത്തിൽ ഒളിച്ചു. ഇവിടെ നിന്നും നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. റൂറൽ എസ്.പി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് പെരുമ്പാവൂർ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.