ജാമിയ മിലിയ വിദ്യാർത്ഥികള്‍ക്ക് ഐക്യദാർഢ്യവുമായി പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ; ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം

Jaihind News Bureau
Monday, December 16, 2019

ന്യൂഡല്‍ഹി : ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യാ ഗേറ്റിന് മുന്നില്‍ സമാധാനപരമായി നടത്തിയ പ്രതിഷേധ സമരത്തില്‍ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്നു. ഇന്ത്യയുടെ മതേതരത്വത്തെ ശിഥിലമാക്കാന്‍ വിഭാവനം ചെയ്ത ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമുള്ള പ്രതിഷേധം വ്യക്തമാക്കുന്നതുമായി സമരം.

സമാധാനപരമായ സമരത്തിന് ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിയങ്കാ ഗാന്ധി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,  അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിംഗ് സുർജെവാല തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ഇന്ത്യാ ഗേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.

ജാമിയ മിലിയ യൂണിവേഴ്സ്റ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ പൊലീസ് അതിക്രമത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്‍റെ തെളിവാണ് ജാമിയയില്‍ നടന്ന സംഭവമെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സര്‍ക്കാര്‍ ഭരണഘടനയെയും വിദ്യാര്‍ഥികളെയും ആക്രമിക്കുകയാണ്. ഭരണഘടനയ്ക്കുവേണ്ടി കേന്ദ്ര സർക്കാരിനെതിരെ പോരാടുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.