സ്‌പൈവെയർ വിവാദം : വിവരം ചോർത്തലിനെക്കുറിച്ച് കഴിഞ്ഞ മെയിൽ തന്നെ ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്‌സാപ്പ്

Jaihind News Bureau
Saturday, November 2, 2019

വിവരം ചോർത്തലിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി വാട്‌സ് ആപ്പ്. കഴിഞ്ഞ മെയിൽ തന്നെ ചോർത്തൽ വിവരം ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് വാട്‌സാപ്പ് വിശദീകരിച്ചു. സ്‌പൈവെയർ വിവാദത്തിൽ വാട്‌സാപ്പ് കേന്ദ്ര സർക്കാറിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരുടെ വിവരങ്ങൾ ഇസ്രായേൽ എൻഎസ്ഒ സ്‌പൈവെയർ ഉപയോഗിച്ച് ചോർത്തിയ സംഭവത്തിലാണ് വാട്‌സാപ്പിന്‍റെ വിശദീകരണം. വിവരം ചോർത്തലിനെകുറിച്ച് കഴിഞ്ഞ മെയിൽ തന്നെ ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സാപ്പ് പറയുന്നത്. കേന്ദ്രസർക്കാർ അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ വിവരം ചോർത്തൽ നടന്നതെന്ന ആരോപണങ്ങൾക്ക് ബലം പകരുന്നതാണ് വാട്‌സ് ആപ്പ് നൽകിയ വിശദീകരണം. പുതിയ വിവാദത്തിന്‍റെ പേരിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

ഇന്ത്യക്കാർ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ഇസ്രായേലി എൻ.എസ്.ഒ ചോർത്തിയെന്നാണ് വാട്‌സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചത്. സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ,ആക്ടിവിസ്റ്റുകൾ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയത്.