ആവേശമായി യു.ഡി.എഫ് റോഡ് ഷോ

Jaihind Webdesk
Tuesday, January 15, 2019

പ്രവര്‍ത്തകരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി കൊല്ലം ബൈപാസില്‍ യു.ഡി.എഫിന്‍റെ റോഡ് ഷോ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു യു.ഡി.എഫിന്‍റെ റോഡ് ഷോ. കല്ലുന്താഴം മുതല്‍ കാവനാട് വരെ നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരും ജനങ്ങളും അണിനിരന്നു. കൊല്ലം ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ യു.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയായി റോഡ് ഷോയിലെ ബഹുജനപങ്കാളിത്തം. ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതുവഴി സഞ്ചരിച്ചു. വാദ്യമേളങ്ങളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയായിരുന്നു യു.ഡി.എഫിന്‍റെ റോഡ് ഷോ.

മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ്, കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എ യൂനുസ്കുഞ്ഞ് തുടങ്ങിയവര്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.