വിജയമുറപ്പിച്ച് യുഡിഎഫ്; പ്രമുഖ നേതാക്കളുടെ പത്രികാ സമർപ്പണം നാളെ; മണ്ഡലങ്ങൾ ആവേശക്കടലിൽ

Jaihind News Bureau
Friday, March 20, 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ നാളെ പത്രിക നൽകുന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തും. ഹരിപ്പാട്, പേരാവൂർ, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളിലെ ജനവിധി തേടുന്ന പ്രമുഖ നേതാക്കളാണ് നാളെ അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കുന്നത്.

ഹരിപ്പാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല നാളെ പത്രിക നൽകും. മണ്ഡലത്തിലെ വികസനത്തുടർച്ചയും ജനകീയതയും മുൻനിർത്തിയാണ് അദ്ദേഹം വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്. പേരാവൂരിൽ യുഡിഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും യുഡിഎഫിന്റെ സംഘടനാ ശക്തിയും തനിക്ക് വലിയ വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

പുതുപ്പള്ളിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ചാണ്ടി ഉമ്മനും നാളെയാണ് പത്രിക സമർപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ സ്മരണകളും വികസന രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം ആവർത്തിക്കാനാണ് ചാണ്ടി ഉമ്മൻ ലക്ഷ്യമിടുന്നത്. പ്രമുഖ നേതാക്കൾ ഒരേദിവസം പത്രിക സമർപ്പിക്കുന്നതോടെ യുഡിഎഫ് പ്രവർത്തകർ വൻ പ്രചാരണ പരിപാടികളാണ് വിവിധ മണ്ഡലങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പ്രകടനങ്ങളും സ്വീകരണങ്ങളും നടക്കും.