പൂരക്കടലില്‍ ആവേശത്തിരയായി ദുബായില്‍ ‘തൃശൂര്‍ പൂരം’

B.S. Shiju
Sunday, April 28, 2019

 

ദുബായ് : ഇന്ത്യക്ക് പുറത്തു ആദ്യമായി ദുബായില്‍, തൃശൂര്‍ പൂരം ഒരുക്കി. തേക്കിന്‍ കാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കു വിധം, ദുബായ് ബോളിവുഡ് പാര്‍ക്കിലാണ് വിവിധ ആഘോഷങ്ങളോടെ പൂരം അരങ്ങേറിയത്. മേളവും കുടമാറ്റവും വെടിക്കെട്ടും ആകര്‍ഷണമായി മാറി.

തൃശൂര്‍ തേക്കിന്‍കാടിനെ ഓര്‍മ്മിപ്പിക്കും വിധം , ദുബായ് ബോളിവുഡ് പാര്‍ക്ക് പാലാഴിയായി മാറി. പൂരത്തിന്റെ ഹരത്തില്‍ ഇഴചേര്‍ന്ന ഹൃദയങ്ങള്‍ക്ക് , ആ പാലാഴിയില്‍നിന്നു ശ്രേഷ്ഠ വിഭവങ്ങളായി ലഭിച്ചത് പാണ്ടി മേളം, കുടമാറ്റം , വെടിക്കെട്ട് എന്നിങ്ങനെയാണ്. ഇപ്രകാരം, പതിനായിരകണക്കിന് പൂരം ആസ്വാദകരെ, ഒരേ വേദിയില്‍ ഒന്നിപ്പിച്ച ആവേശമായി, ദുബായിലെ തൃശൂര്‍ പൂരം മാറി. ചെറുപൂരങ്ങളുടെ വരവിനെ ഓര്‍മ്മിപ്പിക്കും വിധം, പൂരപ്രേമികള്‍, ഒരേ മനസുമായി ഇവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. ഇലഞ്ഞിമരച്ചുവട്ടില്‍ പെരുവനത്തിന്റെ ഇലഞ്ഞിത്തറ മേളത്തെ ഓര്‍മ്മിപ്പിക്കും വിധം, ദുബായിലെ രാജ്മഹല്‍ പശ്ചാത്തലത്തില്‍, മേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ മേള വിസ്മയം കാഴ്ചവെച്ചു.

 

ലാല്‍ ജോസ് എന്ന സംവിധായകന്റെ, തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന സിനിമയിലൂടെ, മലയാളത്തിന്റെ പുതിയ താരോദയമായി മാറിയ തൃശൂര്‍ക്കാരി ശ്രവണ മുഖ്യാതിഥിയായി എത്തി. യുഎഇയിലെ തൃശൂര്‍ നിവാസികളുടെ കൂട്ടായ്മയായ മ്മടെ തൃശൂര്‍ എന്ന ടീം ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. എല്ലാവരും ഒരുമിക്കുന്നതാണു പൂരത്തിന്റെ സന്ദേശമെന്ന് വ്യക്തമാക്കി, വെടിക്കെട്ടും അതിന് ശേഷം ശിങ്കാരി മേളത്തോടെയുള്ള ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.