ദുബായ് ഗവര്‍മെന്‍റിന്‍റെ ക്വാളിറ്റി പുരസ്‌കാരം ലുലു ഗ്രൂപ്പിന്

Jaihind News Bureau
Thursday, November 12, 2020

ദുബായ് : വ്യാപാര രംഗത്തെ മികവിനുള്ള, ദുബായ് ഗവര്‍മെന്‍റിന്‍റെ, ക്വാളിറ്റി പുരസ്‌കാരം ലുലു ഗ്രൂപ്പിന് ലഭിച്ചു. ദുബായ് സാമ്പത്തിക വകുപ്പിന്റെ അവാര്‍ഡില്‍, മികച്ച റീട്ടെയില്‍ ബ്രാന്‍ഡിനുള്ള ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരമാണ് ലുലുവിന് ലഭിച്ചത്. വിര്‍ച്യുല്‍ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ.സലീം പുരസ്‌കാരം സ്വീകരിച്ചു. ദുബായ് എക്കണോമിക് ഡവലപ്പ്‌മെന്‍റ് ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിം പുരസ്‌കാരം വിതരണം ചെയ്തു.

ബിസിനസ് എക്‌സലന്‍സ് ഡയറക്ടര്‍ ഷെയ്ഖ അല്‍ ബിഷ്‌രി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗീസ്, റീജിയണല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്‍ എന്നിവരും സംബന്ധിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാകര്‍ത്തൃത്വത്തില്‍ നടന്ന ഇരുപത്തി ആറാമത് ബിസിനസ് അവാര്‍ഡാണ് , മലയാളിയായ എം എ യൂസഫലി ചെയര്‍മാനായ ലുലു സ്വന്തമാക്കിയത്.

ശക്തമായ നേതൃത്വം, മികച്ച സംഘടനാപാടവം, ഉത്പന്നങ്ങളുടെ മൂല്യവും ഗുണനിലവാരവും ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളില്‍ മികവ് പുലര്‍ത്തിയതിന്‍റെ പാരിതോഷികമാണ് ഈ പുരസ്‌കാരം. മറ്റ് വിവിധ മേഖലകള്‍ക്കും ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്‌മെന്‍റുകള്‍ക്കും ദുബായ് ക്വാളിറ്റി അവാര്‍ഡ് നല്‍കുന്നുണ്ട്. യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്‍റിന്‍റെ എക്‌സെലന്‍സ് മോഡല്‍ അനുസരിച്ച് നിരവധി ഉപാധികളും വ്യവസ്ഥകളും പരിഗണിച്ച് നടത്തിയ പരിശോധനാ ക്രമത്തില്‍ വിദഗ്ധ ജൂറിയുടെ മേല്‍നോട്ടത്തിലാണ് ദുബായ് ക്വാളിറ്റി അവാര്‍ഡുകള്‍ നല്‍കുന്നത്. ദുബായില്‍ എല്ലായിടത്തും ഒരു പോലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ വിപുലമായ റീട്ടെയില്‍ സംവിധാനം ഒരുക്കിയ വാണിജ്യ സ്ഥാപനം എന്ന മികവിനാണ് അംഗീകാരം. 55,000 ല്‍ അധികം വരുന്ന ജീവനക്കാരുടെ ആത്മസമര്‍പ്പണത്തിന്‍റെയും കഠിനമായ അധ്വാനത്തിന്‍റെയും കര്‍മോല്‍സുകതയുടെയും ഉപഭോക്താക്കളുടെ സ്വീകാര്യതയുടെയും പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്ന് എം എ സലിം പറഞ്ഞു.