താമിർ ജിഫ്രി കൊലക്കേസ്; പ്രതികളായ പോലീസുകാരുടെ കസ്റ്റഡി അപേക്ഷ സിബിഐ നാളെ സമർപ്പിക്കും

Jaihind Webdesk
Sunday, May 5, 2024

 

മലപ്പുറം: താനൂരിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കൊലക്കേസിലെ പ്രതികളായ നാലു പോലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സിബിഐ നാളെ സമർപ്പിക്കും. പ്രതികളുടെ മർദ്ദനം മൂലമാണ് താമിർ ജിഫ്രി മരിച്ചതെന്ന് സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികളായ നാലു പോലീസ് ഉദ്യേഗസ്ഥരേയും സിബിഐ സംഘം ഇന്നലെ പുലർച്ചെയാണ് മലപ്പുറത്തെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ കൊച്ചിയിലെ സിബിഐ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികൾക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.