‘ഭാര്യ വീട്ടിലെ വേലക്കാരിയല്ല, ജീവിതപങ്കാളിയാണ്’: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

Jaihind News Bureau
Saturday, March 21, 2026

ഭാര്യ വീട്ടുജോലികള്‍ ചെയ്യുന്നില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമായോ ക്രൂരതയായോ കാണാനാവില്ലെന്ന് സുപ്രീം കോടതി. വീട്ടുജോലികള്‍ ചെയ്യുക എന്നത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യ ഭക്ഷണം പാകം ചെയ്യാന്‍ വിസമ്മതിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.

വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ്. കാലം മാറുന്നതനുസരിച്ച് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളില്‍ ഭര്‍ത്താവും പങ്കുചേരണമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വീട്ടുജോലികള്‍ ചെയ്യാത്തതോ ഭക്ഷണം പാകം ചെയ്യാത്തതോ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാനാവില്ല.

2017-ലായിരുന്നു സ്‌കൂള്‍ അധ്യാപകനായ യുവാവും ലക്ചററായ യുവതിയും വിവാഹതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഭാര്യയുടെ മനോഭാവം മാറിയെന്നും, തന്നോടും മാതാപിതാക്കളോടും മോശമായി പെരുമാറിയെന്നും ഭര്‍ത്താവ് ആരോപിച്ചു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നും ഇയാള്‍ പരാതിപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഭാര്യ നിഷേധിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും, എന്നാല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് അവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു.

നേരത്തെ കുടുംബ കോടതി ഈ കേസില്‍ വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ ദമ്പതികള്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.